
മലപ്പുറം ജില്ലയിലെ നിലമ്പൂർ നഗരസഭാ പരിധിയിലെ 6700 കുടുംബങ്ങളിലെ ജൈവ മാലിന്യ സംസ്കരണത്തിനായി നടപ്പാക്കുന്ന ഹരിതകാന്തി പദ്ധതിയിലെ സജീവ സഹകരണത്തിന് വെൽഫെയർ സർവീസസിന് നഗരസഭയുടെ ആദരം. നഗരസഭയിൽ നടത്തിയ ഹരിതകാന്തി സമർപ്പണ ചടങ്ങിൽ സംസ്ഥാന കായികമന്ത്രി വി.അബ്ദുറഹിമാനിൽ നിന്ന് സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തു വെള്ളിൽ ഉപഹാരം ഏറ്റുവാങ്ങി. നഗരസഭാ ചെയർമാൻ മട്ടമ്മൽ സലിം അധ്യക്ഷനായിരുന്നു.
ജൈവ മാലിന്യങ്ങൾ പ്രത്യേക ബാക്ടീരിയ ഉപയോഗിച്ചു സംസ്കരിക്കുന്ന ബയോബിന്നുകളാണ് ഹരിതകാന്തി പദ്ധതി പ്രകാരം നൽകിയത്. സംസ്ഥാന സർക്കാരിന്റെ ശുചിത്വ മിഷൻ പദ്ധതിയുടെ അംഗീകൃത സേവന ദാതാവെന്ന നിലയിൽ സഹൃദയയാണ് 6700 കുടുംബങ്ങൾക്കും ബയോബിന്നുകൾ വിതരണം ചെയ്തത്. ബയോ ബിൻ ഉപയോഗിച്ച് ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനെക്കുറിച്ച് ഗുണഭോക്താക്കൾക്കും ഹരിത കർമസേനാംഗങ്ങൾക്കും പരിശീലനവും നൽകി.
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എം.ബഷീർ, കാക്കാടൻ റഹിം, സ്കറിയ, ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ, സഹൃദയ സ്റ്റാഫംഗങ്ങളായ ജീസ് പി.പോൾ, ആഷ്ബിൻ ആന്റു എന്നിവരും സന്നിഹിതരായിരുന്നു.