മദ്യവും മാലിന്യവുമാണ് കേരളത്തിന്റെ മുഖമുദ്ര : വി. എം സുധീരന്‍

മുന്‍ കെ. പി. സി. സി പ്രസിഡന്റ് വി. എം സുധീരന്‍, ജില്ലാ ജഡ്ജ് കെ. ടി നിസാര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് സജീവം ആന്റി ഡ്രഗ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ടോണി കോട്ടക്കല്‍, സബ് ജഡ്ജ് എന്‍. രഞ്ജിത്ത് കൃഷ്ണന്‍, അഡ്വ. ചാര്‍ലി പോള്‍, ഫാ. ജോസ് കൊളുത്തുവെള്ളില്‍, റവ. ഫാ. ആന്റണി പെരുമായന്‍, ഫാ. സിബിന്‍ മനയമ്പിള്ളി എന്നിവര്‍ സമീപം.
മുന്‍ കെ. പി. സി. സി പ്രസിഡന്റ് വി. എം സുധീരന്‍, ജില്ലാ ജഡ്ജ് കെ. ടി നിസാര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് സജീവം ആന്റി ഡ്രഗ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ടോണി കോട്ടക്കല്‍, സബ് ജഡ്ജ് എന്‍. രഞ്ജിത്ത് കൃഷ്ണന്‍, അഡ്വ. ചാര്‍ലി പോള്‍, ഫാ. ജോസ് കൊളുത്തുവെള്ളില്‍, റവ. ഫാ. ആന്റണി പെരുമായന്‍, ഫാ. സിബിന്‍ മനയമ്പിള്ളി എന്നിവര്‍ സമീപം.

എറണാകുളം : മദ്യവും മാലിന്യവുമാണ് ഇന്ന് കേരളത്തിന്റെ മുഖമുദ്രയെന്ന് വി. എം സുധീരന്‍. കാരിത്താസ് ഇന്ത്യയും, കേരള സോഷ്യല്‍ സര്‍വീസ് ഫോറവും, എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയും സംയുക്തമായി ചേര്‍ന്ന് ലഹരിക്കെതിരായ ബോധവത്കരണവുമായി നടപ്പിലാക്കുന്ന സജീവം ആന്റി ഡ്രഗ് ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, സമകാലീന സാഹചര്യത്തില്‍ ഇത്തരം ക്യാമ്പയിനുകളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ജില്ലാ ജഡ്ജും കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ കെ. ടി നിസാര്‍ അഹമ്മദ് സജീവം ആന്റി ഡ്രഗ് ക്യാമ്പയിന്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലഹരിവസ്തുക്കള്‍ ഒരു കച്ചവടം ആണെന്നും, എവിടെ ഇത് ആവശ്യമുണ്ടോ അവിടെ ഇത് എത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്‌കൂളുകളിലും, കോളേജുകളിലും ലഹരി ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറല്‍ റവ. ഫാ. ആന്റണി പെരുമായന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സജീവം ആന്റി ഡ്രഗ് ക്യാമ്പയിനിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ ആമുഖപ്രഭാഷണം നടത്തി. സബ് ജഡ്ജും, ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ശ്രീ. എന്‍.രഞ്ജിത് കൃഷ്ണന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. കെ. സി. ബി. സി മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ടോണി കോട്ടക്കല്‍, പ്രസിഡന്റ് അഡ്വ. ചാര്‍ലി പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ. സി. ബി. സി മദ്യവിരുദ്ധ സമിതി,

ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി, എറണാകുളം റെയില്‍വേ ചൈല്‍ഡ്‌ലൈന്‍, കാറ്റിക്കിസം ഡിപ്പാര്‍ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് സജീവം ആന്റി ഡ്രഗ് ക്യാമ്പയിന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തു കൊണ്ട് കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ കൂട്ടിച്ചേര്‍ത്തു. സജീവം പ്രോജെക്ട് കോര്‍ഡിനേറ്റര്‍ ഷിംജോ ദേവസ്യ, കെ. സി. ബി. സി മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍, റെയില്‍വേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, സഹൃദയ സ്വയം സഹായ സംഘാംഗങ്ങള്‍, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാരിത്താസ് ഇന്ത്യയുടെയും, കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും നേതൃത്വത്തില്‍ കേരളമൊട്ടാകെ സജീവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org