ഹൈരാര്‍ക്കി സ്‌കൂള്‍ ശതാബ്ദിയാഘോഷം ആരംഭിച്ചു

ഹൈരാര്‍ക്കി സ്‌കൂള്‍ ശതാബ്ദിയാഘോഷം ആരംഭിച്ചു

തിരുമുടിക്കുന്ന്: ഹൈരാര്‍ക്കി മെമ്മോറിയല്‍ എല്‍ പി സ്‌കൂള്‍ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. 1923 ല്‍ സീറോ മലബാര്‍ ഹൈരാര്‍ക്കി സ്ഥാപിതമായതിന്റെ സ്മരണക്കായാണ് 1924 ല്‍ കൊരട്ടിപ്പള്ളിയുടെ നേതൃത്വത്തില്‍ തിരുമുടിക്കുന്ന്, വാലുങ്ങാമുറിയില്‍ തുടങ്ങിയ സ്‌കൂളിനു ഹൈരാര്‍ക്കി മെമ്മോറിയല്‍ എന്നു നാമകരണം ചെയ്തത്. കൊരട്ടി ഫൊറോനാ പള്ളിയില്‍ നിന്നുള്ള ദീപശിഖാപ്രയാണത്തോടെയാണ് ശതാബ്ദിയാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ താരം സ്റ്റെഫി നിക്‌സണ്‍ ദീപശിഖാപ്രയാണത്തിനു നേതൃത്വം നല്‍കി.

ഉദ്ഘാടനസമ്മേളനത്തില്‍ സനീഷ്‌കുമാര്‍ ജോസഫ് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. കൊരട്ടി ഫൊറോനാ വികാരി ഫാ. ജോസ് ഇടശ്ശേരി അനുഗ്രഹപ്രഭാഷണവും എറണാകുളം-അങ്കമാലി അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. തോമസ് നങ്ങേലിമാലില്‍ ആമുഖപ്രഭാഷണവും നടത്തി. 80 വയസ്സ് കഴിഞ്ഞ പൂര്‍വ വിദ്യാര്‍ത്ഥികളെ കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു പൊന്നാട അണിയിച്ച് ആദരിച്ചു. ശതാബ്ദിസ്മാരകമായി നിര്‍മ്മിക്കുന്ന മന്ദിരത്തിനുള്ള ധനസമാഹരണത്തിന്റെ ഉദ്ഘാടനം പൂര്‍വവിദ്യാര്‍ത്ഥിയായ ഫാ. ജിജോ കണ്ടംകുളത്തി സി എം എഫ്, പത്തു ലക്ഷം രൂപയുടെ ചെക്ക് നല്‍കി നിര്‍വഹിച്ചു. കണ്ടംകുളത്തി ഫാമിലി ട്രസ്റ്റിന്റെ സംഭാവനയാണ് ഇത്. സ്‌കൂള്‍ മാനേജറും തിരുമുടിക്കുന്ന് എല്‍ എഫ് പള്ളി വികാരിയുമായ ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നൈനു റിച്ചു, ഹെഡ്മിസ്ട്രസ് ജിജി പൗലോസ്, ജിജി ജോര്‍ജ്, പൂര്‍വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ജോയ് ജോണ്‍, എല്‍ എഫ് പള്ളി കൈക്കാരന്‍ ബിനു മഞ്ഞളി, മുന്‍ ഹെഡ്മാസ്റ്റര്‍ പി എല്‍ സെബാസ്റ്റ്യന്‍, സ്‌കൂള്‍ വികസനസമിതി പ്രസിഡന്റ് വറീത് കണ്ടംകുളത്തി, സ്‌കൂള്‍ ലീഡര്‍ പിയോ ബോബി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ ആര്‍ സുമേഷ് നന്ദി പറഞ്ഞു. മന്ദിരനിര്‍മ്മാണം ഉള്‍പ്പെടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ശതാബ്ദിയോടനുബന്ധിച്ചു നടത്തുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org