ഉന്നതവിദ്യാഭ്യാസം മാനവികതവളര്‍ത്തണം: സുനില്‍ പി. ഇളയിടം

ഉന്നതവിദ്യാഭ്യാസം മാനവികതവളര്‍ത്തണം: സുനില്‍ പി. ഇളയിടം

ഉന്നത വിദ്യാഭ്യാസം മാനവികത വളര്‍ത്തണമെന്നും ഒരാള്‍ നേടിയ ബിരുദത്തിന്റെ പേരിലല്ല. അപരനെക്കൂടി പരിഗണിക്കുന്ന മനോഭാവം വളര്‍ത്തിയെടുക്കുന്നതുവഴിയാണ് ഉന്നതവിദ്യാഭ്യാസം അതിന്റെ ലക്ഷ്യം നേടുന്നതെന്നും ഡോ. സുനില്‍ പി. ഇളയിടം പറഞ്ഞു. തൃക്കാക്കര ഭാരതമാതാ കോളേജില്‍ ദേശീയ വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും എന്ന വിഷയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ സ്മാരകപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിന്റെ മാനവിക ദര്‍ശനത്തെ തകര്‍ക്കുന്നതാണ്‌ ദേശീയവിദ്യാഭ്യാസ നയം. വിപണിമൂല്യമുള്ള കോഴ്‌സുകള്‍ മാത്രം പഠിച്ചാല്‍ മതിയെന്ന് പറയുന്‌പോള്‍ വിദ്യാഭ്യാസ രംഗത്തും കോര്‍പ്പറേറ്റ്‌വല്‍ക്കരണം നടത്തുകയാണ് ലക്ഷ്യം വയ്ക്കുന്നത്. അന്യനെക്കൂടി പരിഗണിക്കുകയും എല്ലാ സ്വരങ്ങളും പ്രസക്തമെന്ന് കരുതുന്ന ചിന്ത വളര്‍ത്തിയെടുക്കാനും ഉന്നത വിദ്യാഭ്യാസത്തിലൂടെ കഴിയണം. ദേശീയ വിദ്യാഭ്യാസ നയം ഇങ്ങനെ ബഹുമുഖമായ ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വച്ച് രൂപപ്പെടുത്തിയതാണ് അദ്ദേഹം പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റെണി കരിയില്‍ സ്മാരകപ്രഭാഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു. തികഞ്ഞ ആത്മീയനേതാവും ധിഷണാശാലിയും സഭയയിലെ ഭാരതീയ വീക്ഷണത്തിന്റെ പ്രാരംഭകനും ക്രാന്തദര്‍ശിയുമായിരുന്നു മാര്‍ പാറേക്കാട്ടില്‍ പിതാവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മാര്‍ ആന്റണി കരിയില്‍ പറഞ്ഞു.
എല്ലാ മത സംസ്‌ക്കാരങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംസ്‌ക്കാര സമ്പന്നതയുള്ള രാജ്യമാണ് ഇന്ത്യയെന്നു വിശ്വസിക്കുകയും, ഭാരതത്തിന്റെ തനതായ പല സാംസ്‌ക്കാരിക ശീലങ്ങളെയും ക്രൈസ്തവ സഭയുടെ ആചാരങ്ങളുടെ ഭാഗമാക്കുന്നതിലും തദ്ദേശീയമായ അനുരൂപപ്പെടലിലൂടെ ക്രൈസ്തവ സാക്ഷ്യം പകര്‍ന്നു നല്‍കുന്നതിനു ശ്രമിക്കുകയും തന്റെ നിലപാടുകളെ സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചുക്കു വേണ്ടി യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്നു കര്‍ദിനാള്‍ പാറേക്കാട്ടില്‍ എന്ന് മാര്‍ കരിയില്‍ അനുസ്മരിച്ചു.  ഭാരതമാതാ കോളേജ് മാനേജര്‍ റവ. ഡോ. എബ്രഹാം ഓലിയപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ഷൈനി പാലാട്ടി, അസി. ഡയറക്ടര്‍ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം, ഫാ. വര്‍ഗീസ് പോള്‍ തൊട്ടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും വിതരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org