കേരളത്തിന് ഇത് എന്ത് സംഭവിച്ചു കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി

കൊച്ചി: കേരളത്തില്‍ നടക്കുന്ന മനുഷ്യജീവനെതിരെയും സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും ഉള്ള അതിക്രമങ്ങളില്‍ കേരള സമൂഹത്തിന് എന്താണ് സംഭവിച്ചത് എന്ന് കെ സിബിസി പ്രോലൈഫ്‌ സംസ്ഥാന സമിതി ആശ്ചര്യപ്പെട്ടു. വര്‍ഷങ്ങള്‍ കഴിയും തോറും കേരളം അധപതിച്ചു കൊണ്ടിരിക്കുകയാണോ എന്നും സംശയം രേഖപ്പെടുത്തി. സതിയും ബാലവേലയും ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുമുള്ള ക്രൂരകൃത്യങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ട് കാലങ്ങള്‍ക്ക് മുന്‍പേ തന്നെ നാം മുന്നില്‍ നടന്നിരുന്നു. എന്നാല്‍ ഇന്ന് സംഭവിക്കുന്ന സ്ത്രീകളെ നരബലിക്ക് നല്‍കി എന്ന വാര്‍ത്ത ഉള്‍പ്പെടെയുള്ള ചില സംഗതികള്‍ അത്യന്തം ഖേദകരമാണ്. ഇത്തരത്തില്‍ മനുഷ്യ ജീവനെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങള്‍ക്കും എതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി വിലയിരുത്തുന്നു. ഒരുവശത്ത് ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുന്ന കുഞ്ഞുങ്ങളെ കൊല ചെയ്യുവാനുള്ള നിയമനിര്‍മ്മാണങ്ങളും ഭേദഗതികളും കൂടാതെ മാതൃത്വത്തിന്റെ അന്തസ്സിന് നിരക്കാത്ത വാടക ഗര്‍ഭപാത്രമെന്ന ആശയം ഉള്‍പ്പെടെയുള്ളവ കടന്നുവരുമ്പോള്‍ മറുവശത്ത് ഇത്തരത്തില്‍ മനുഷ്യനെ കുരുതി കൊടുക്കുന്ന കാര്യങ്ങള്‍ നടന്നുവരുന്നുവെന്നത് ആശങ്കാജനകമാണ്. സര്‍ക്കാരും ബന്ധപ്പെട്ട നീതിപീഠങ്ങളും ഈ വിഷയങ്ങളില്‍ അടിയന്തിര ഇടപെടലുകള്‍ നടത്തി മനുഷ്യജീവനെ അതിന്റെ പ്രാരംഭദശ മുതല്‍ സംരക്ഷിക്കുവാന്‍ വേണ്ട രീതിയില്‍ നിയമങ്ങളിലും മറ്റും സമഗ്രമായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org