ഹാലോവീന് പകരമായി ഹാലോ ഈവ് ഒരുക്കി വൈറ്റില സെന്റ് ഡാമിയന്‍ ഇടവക

ഹാലോവീന് പകരമായി ഹാലോ ഈവ് ഒരുക്കി വൈറ്റില സെന്റ് ഡാമിയന്‍ ഇടവക
Published on

കത്തോലിക്കാ സഭ സകലവിശുദ്ധരുടേയും തിരുനാളായി ആഘോഷിക്കുന്ന നവംബര്‍ 1 ന്റെ തലേദിവസം വൈകുന്നേരം October 31 നാണ് ഹാലോവീന്‍ ആഘോഷിക്കുന്നത്. പൈശാചികതയുടെ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് പകരമായി 'ഹാലോ ഈവ്' വിശുദ്ധരുടെ സായാഹ്നമൊരുക്കികൊണ്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈറ്റില സെന്റ് ഡാമിയന്‍ ദേവാലയം മാതൃകയാകുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നുമെല്ലാമാണ് ഈ അടുത്ത കാലങ്ങളില്‍ ഹാലോവീന്‍ പാര്‍ട്ടികളും ആഘോഷങ്ങളും കേരളത്തിലെ ആഡംബര ഹോട്ടലുകളിലേക്കും സ്‌കൂളുകളിലേക്കും എത്തുന്നത്. എങ്ങനെയാണ് ഈ ആഘോഷങ്ങള്‍ ഉണ്ടായതെന്നോ ഇതെന്തിനാണെന്നോ മനസിലാക്കാതെയാണ് പുതിയ തലമുറ പശ്ചാത്യ ലോകത്തുനിന്ന് ഹാലോവീനെ നമ്മുടെ നാട്ടിലേക്ക് സ്വീകരിച്ചിരിക്കുന്നത്. ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടയിലാണ് കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ നൂറ്റമ്പതോളം പേര്‍ മരണമടഞ്ഞത്.

എന്താണ് ഹാലോവീന്‍? സകല വിശുദ്ധരുടേയും തിരുനാളുമായി ഇതിനെന്താണ് ബന്ധം?

പുരാതന കെള്‍ട്ടിക് വംശജരാണ് ആദ്യമായി ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ നടത്തിയിരുന്നത്. അവരുടെ മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട ആചരണമായിരുന്നു അത്. മരിച്ചവരുടെ ആത്മാക്കള്‍ തിരികെ വരുമെന്ന വിശ്വാസത്തിലാണ് അവര്‍ ഇത് ആഘോഷിച്ചിരുന്നത്. എന്നാല്‍ ഇതിലെ തെറ്റുകള്‍ മനസിലാക്കിയ മധ്യകാല ക്രൈസ്തവ സമൂഹം ഇതിനെ വിശുദ്ധരുടെ തിരുനാളിനോട് ബന്ധപ്പെട്ട ആഘോഷമാക്കി മാറ്റി. എട്ടാം നൂറ്റാണ്ടുമുതലാണ് കത്തോലിക്ക സഭ നവംബര്‍ ഒന്നിന് സകല വിശുദ്ധരുടേയും തിരുനാള്‍ ആഘോഷിക്കാന്‍ ആരംഭിച്ചത്. ഈ തിരുനാളിന്റെ സായാഹ്നത്തില്‍ വിശുദ്ധരുടെ വസ്ത്രമണിഞ്ഞും മറ്റും കുട്ടികളും മുതിര്‍ന്നവരും എത്തിയിരുന്നു. ഇതിനാലാണ് ഹാലോ ഈവ് എന്ന് ഇതിന് പേര് ലഭിച്ചത്. ഹാലോ എന്ന വാക്കിന്റെ അര്‍ത്ഥം വിശുദ്ധര്‍ എന്നാണ്; ഈവ് സായാഹ്നവും.

ഈ ആഘോഷമാണ് ഇന്ന് പൈശാചിക ആഘോഷമാക്കി സെക്കുലര്‍ ലോകം സ്വീകരിച്ചിരിക്കുന്നത്.

ഈ തിന്മയുടെ സംസ്‌കാരത്തിന് പകരമായാണ് വൈറ്റില സെ. ഡാമിയന്‍ ദേവാലയം വീണ്ടും ഹാലോ ഈവ് സംഘടിപ്പിച്ചത്. കുട്ടികള്‍ വിശുദ്ധരുടെ വസ്ത്രങ്ങള്‍ അണിഞ് ദേവാലയത്തിലെത്തുകയും വേദിയില്‍ ഒരുമിച്ചുചേരുകയും ചെയ്തു. ഇടവക വികാരി ഫാ. ജൂബി ജോയ് കളത്തിപ്പറമ്പില്‍, വിശ്വാസ പരിശീലന അധ്യാപകര്‍, കൈക്കാരന്‍മാര്‍, സെന്‍ട്രല്‍ കമ്മിറ്റി, മാതാപിതാക്കള്‍ തുടങ്ങിയവര്‍ ഹാലോ ഈവിന് നേതൃത്വം നല്കി

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org