
ഫോട്ടോക്യാപ്ഷന്‍ – അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ സാനു മാസ്റ്റര്‍ക്ക് പൊന്നാട അണിയിച്ച് ഗുരുവന്ദനം അര്‍പ്പിക്കുന്നു. ടി. എം. എബ്രഹാം, പ്രൊഫ. എം. തോമസ് മാത്യു, റവ. ഡോ. ഫാ. തോമസ് ചാത്തംപറമ്പില്‍, അഡ്വ. എം. അനില്‍കുമാര്‍, തനൂജ ഭട്ടതിരി, ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ സമീപം.
അദ്ധ്യാപകദിനത്തില്‍ 95-ാം വയസ്സിന്റെ പടിവാതില്‍ക്കല്‍ നിന്നുകൊണ്ട് തലമുറകളുടെ ഗുരുനാഥനായ എം. കെ. സാനുമാസ്റ്ററുടെ ഏറ്റവും പുതിയ രചനയായ സാഹിത്യ ദര്‍ശനത്തിന്റെ പ്രകാശനചടങ്ങ് അപൂര്‍വ്വമായൊരു ഗുരുവന്ദനത്തിനു സാക്ഷ്യം വഹിച്ചു. പൂര്‍വ്വാശ്രമത്തില്‍ അദ്ധ്യാപകനായിരുന്ന അങ്കമാലി-എറണാകുളം അതിരൂപതയുടെ മെത്രാപ്പൊലിത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ സാനു മാസ്റ്റര്‍ക്ക് ഗുരുവന്ദനം നടത്തി.യുക്തിവാദത്തോടു ചേര്‍ന്നു നില്‍ക്കുമ്പോഴും സാനുമാസ്റ്ററുടെ വാക്കുകളില്‍ രചനകളില്‍ ഇടപെടലുകളില്‍ എന്നും ആത്മീയതയില്‍ വിളഞ്ഞ് പാകിയ ജ്ഞാനശോഭ പ്രത്യക്ഷമാണെന്ന് മാര്‍ കരിയില്‍ പറഞ്ഞു. സാനുമാസ്റ്റര്‍ മാര്‍ കരിയിലിന് പൂച്ചെണ്ട് നല്‍കി. ആദരണീയനായ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാറിന് ആദ്യ പ്രതി നല്‍കിക്കൊണ്ട് മാര്‍ കരിയില്‍ സാഹിത്യദര്‍ശനം പ്രകാശനം ചെയ്തു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സി.എം. ഐ.സന്യാസ സഭയുടെ പ്രയോര്‍ ജനറാളും ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലറുമായിരുന്ന ലെഫ്.കമാന്‍ഡര്‍ റവ.ഡോ. ഫാ. തോമസ് ചാത്തന്‍പറമ്പില്‍, ഏതു വിഷയം പ്രതിപാദിക്കുമ്പോഴും ഏതുകാര്യത്തില്‍ ഇടപെടുമ്പോഴും സാനുമാസ്റ്ററുടെ പ്രഥമ പ്രതിബദ്ധത മാനവികതയുടേതാണെന്നതാണ് അദ്ദേഹത്തെ കാലഘട്ടത്തിന്റെ സാംസ്‌കാരിക പിതാവാക്കുന്നതെന്നു ചൂണ്ടിക്കാട്ടി. റവ. ഡോ. തോമസ് ചാത്തംപറമ്പിലിന് മേയര്‍ അനില്‍കുമാര്‍ ഗുരുവന്ദനം നടത്തി. സാഹിത്യദര്‍ശനം ചടങ്ങില്‍ പരിചയപ്പെടുത്തിയ പ്രൊഫ. എം. തോമസ് മാത്യുവിന് തനൂജ ഭട്ടതിരി ഗുരുവന്ദനം നടത്തി. ചടങ്ങില്‍ ടി. എം. എബ്രഹാം, ജോണ്‍പോള്‍ സി. ജി. രാജഗോപാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മനുഷ്യജീവിതത്തെ മഹനീയമാക്കുന്ന പ്രതിഭാസമാണ് സാഹിത്യമെന്നും, എന്നും സാഹിത്യത്തിന്റെ കലിഡോസ്‌ക്കോപ്പിലൂടെ സമൂഹത്തിന്റെ വര്‍ണ്ണചിത്രങ്ങളെ നിവേശിപ്പിക്കാന്‍ ശ്രമിക്കുന്ന അന്വേഷകനാണ് താനെന്നും സാനുമാസ്റ്റര്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി സ്വാഗതവും, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് നന്ദിയും പറഞ്ഞു. എം. കെ. സാനു ഫൗണ്ടേഷന്റെയും ആര്‍ട്ടിസ്റ്റ് പി. ജെ. ചെറിയാന്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെ ചാവറ കള്‍ച്ചറല്‍ സെന്ററാണ് ചടങ്ങ് ഏകോപിപ്പിച്ചത്.