അഗതികളെയും അനാഥരെയും ക്രൂശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

അഗതികളെയും അനാഥരെയും ക്രൂശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Published on

അഗതികള്‍ക്കും അനാഥര്‍ക്കും യാതൊരു ക്ഷേമപെന്‍ഷനും അര്‍ഹതയില്ലെന്നുള്ള മനുഷ്യത്വരഹിതവും ക്രൂരവുമായ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ അഗതി, അനാഥ മന്ദിരങ്ങളില്‍ കഴിയുന്ന ആരോരുമില്ലാത്ത അനേകായിരങ്ങളെ തെരുവിലേയ്ക്ക് തള്ളിവിടുന്ന ഈ ഉത്തരവ് ജനാധിപത്യ ഭരണസംവിധാനത്തിന് ഭൂഷണമല്ല. സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയാണെന്നിരിക്കെ 1100 രൂപയാണ് അഗതിമന്ദിര അന്തേവാസികള്‍ക്ക് പ്രഖ്യാപിച്ചത്. പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഗ്രാന്റ് തുക വര്‍ഷങ്ങളായി നല്‍കുന്നുമില്ല. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴും 1100 രൂപ ധനസഹായം കൃത്യമായി നല്‍കുന്നുണ്ടെന്നുള്ള ഉത്തരവിലെ പരാമര്‍ശം അന്വേഷണവിധേയമാക്കണം. അഗതിമന്ദിരത്തില്‍ കഴിയുന്ന മനോരോഗികള്‍, ശാരീരിക വൈകല്യമുള്ളവര്‍, വൃദ്ധര്‍ ഇവരൊക്കെ മനുഷ്യരാണെന്ന് രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ മറക്കരുത്.
അനാഥ അഗതി മന്ദിരങ്ങളില്‍ താമസിക്കുന്നവരുടെ സംരക്ഷണച്ചുമതല അതു നടത്തുന്നവരുടെ ഉത്തരവാദിത്വം മാത്രമാണെന്നു പ്രസ്തുത ഉത്തരവിലൂടെ പറഞ്ഞ് സര്‍ക്കാര്‍ കൈയ്യൊഴിയുന്നത് ധിക്കാരപരമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഭക്ഷണവും വസ്ത്രവും മരുന്നും ആവശ്യമായ പാര്‍പ്പിടവും ലഭ്യമാക്കി ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ആലംബമേകുന്ന കാരുണ്യഭവനങ്ങളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ നിര്‍വ്വഹിക്കണമെന്നും 2021 ജൂലൈ 28ന് സംസ്ഥാന ധനകാര്യവകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org