ഗോയ്‌ഥെ സെന്റര്‍ ഇന്‍ഡോ ജര്‍മ്മന്‍ സാംസ്‌കാരിക വിനിമയത്തിന് കൂടുതല്‍ ഉണര്‍വ് നല്കും : വാള്‍ട്ടര്‍ ജെ. ലിന്‍ഡ്‌നര്‍

ഗോയ്‌ഥെ സെന്റര്‍ ഇന്‍ഡോ ജര്‍മ്മന്‍ സാംസ്‌കാരിക വിനിമയത്തിന് കൂടുതല്‍ ഉണര്‍വ് നല്കും : വാള്‍ട്ടര്‍ ജെ. ലിന്‍ഡ്‌നര്‍

ഫോട്ടോ ക്യാപ്ഷന്‍ : ജര്‍മ്മന്‍ വിദേശകാര്യവകുപ്പിന്റെ കീഴിലുളള ജര്‍മ്മന്‍ ഗോയ്‌ഥെ സെന്‍ട്രം (ഗോയ്‌ഥെ സെന്റര്‍), ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ജര്മ്മന് അംബാസിഡര്‍ ജെ. വാള്‍ട്ടര്‍ ലിന്‍ഡ്‌നര്‍ ഉദ്ഘാടനം ചെയ്യുന്നു. ജെ. വിജയരാഘവന്‍, റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ സി.എം.ഐ .,കാള്‍ എയ്‌ലര്‍ ഡിങ് , ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ., സെയ്ദ് ഇബ്രാഹിം എന്നിവര്‍ സമീപം.

കൊച്ചി : ഗോയ്‌ഥെ സെന്റര്‍ ഇന്‍ഡോ ജര്‍മ്മന്‍ സാംസ്‌കാരിക വിനിമയത്തിന് കൂടുതല്‍ ഉണര്‍വ് നല്‍കുമെന്ന് ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസിഡറായ വാള്‍ട്ടര്‍ ജെ. ലിന്‍ഡ്‌നര്‍ അഭിപ്രായപ്പെട്ടു. ജര്‍മ്മന്‍ വിദേശകാര്യവകുപ്പിന്റെ കീഴിലുളള ജര്‍മ്മന്‍ ഗോയ്‌ഥെ സെന്‍ട്രം (ഗോയ്‌ഥെ സെന്റര്‍), ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ ഉന്നതവിദ്യാഭ്യാസവും ഏത് തൊഴിലും ചെയ്യുമ്പോഴുള്ള അര്‍പ്പണ മനോഭാവവും ജര്‍മനിക്കു എറെ പ്രിയപ്പെട്ടതാണ്. ജര്‍മ്മന്‍ ഭാഷാപഠനവും സാംസ്‌കാരിക വിനിമയവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ജര്‍മ്മന്‍ കലകളുടെ അവതരണം അടുത്ത നാളുകളില്‍ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയും കേരളവും തമ്മിലുള്ള ബന്ധം ഒരിക്കലും വിസ്മരിക്കാനാവില്ല, കൂടുതല്‍ സൗകര്യങ്ങളോടുകൂടി ആരംഭിച്ച ഗോയ്‌ഥെ സെന്റര്‍ ചാവറ സാംസ്‌കാരിക സമന്വയത്തിന്റെ സംഗമവേദിയായി മാറുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി. എം. ഐ. സഭ പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ പറഞ്ഞു. ഗോയ്‌ഥെ സെന്റര്‍ ചെയര്‍പേഴ്‌സണ്‍ ജെ. വിജയരാഘവന്‍,കാള്‍ എയ്‌ലര്‍ ഡിങ് ,
ബാംഗ്ലൂര്‍ ഗോയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ക്ലൗസ് ഹെയ്‌മെസ്, സി.എം.ഐ. വിദ്യാഭ്യാസ ജനറല്‍ കൗണ്‍സിലര്‍ റവ. ഡോ. മാര്‍ട്ടിന്‍ മള്ളാത്ത്, ബാംഗ്ലൂര്‍ ഗോയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് ഭാഷാവിഭാഗം മേധാവി ഡോ.ആക്‌സില്‍ ബെയര്‍ ,ഗോയ്‌ഥെ സെന്റര്‍ ഡയറക്ടര്‍ സെയ്ദ് ഇബ്രാഹിം, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ., എന്നിവര്‍ പ്രസംഗിച്ചു.ജര്‍മ്മന്‍ ഭാഷാ പഠനത്തിനായി ആധുനിക സൗകര്യങ്ങളുടെ 5 ക്ലാസ് മുറികളും വിദഗ്ദരായ അദ്ധ്യാപകരുമാണ് ഇവിടെയുള്ളതെന്ന് ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org