
കൊച്ചി: മതചിഹ്നങ്ങളെ ഉപേക്ഷിക്കുകയും ചര്‍ക്കയെ പൊതു ചിഹ്നമാക്കി, രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും ചെയ്ത ഗാന്ധിജി, സര്‍വമത സമഭാവനയെന്ന മതനിരപേക്ഷതയ്ക്ക് പുതിയ വ്യഖ്യാനം നല്‍കിയെന്ന് കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ ജി പൗലോസ് അഭിപ്രായപ്പെട്ടു. ഹിന്ദു മുസ്ലിം ഐക്യം, വിദേശ വസ്ത്ര ബഹിഷ്‌കരണം, ഉപ്പ് സത്യാഗ്രഹം എന്നിവയിലൂടെ ഇന്ത്യയെ ഒരു രാഷ്ട്രമാക്കി മാറ്റുന്നതിനായി പ്രവര്‍ത്തിച്ചു.
രണ്ടാം വട്ടമേശ സമ്മേളനത്തിലൂടെ ഗാന്ധി ഇന്ത്യയുടെ ശബ്ദമായി, അത് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നതുമായി മാറി. ഗാന്ധിജി നമുക്ക് തന്ന ഒസ്യത്ത് ഒരു പുതിയ ഇന്ത്യയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഗാന്ധി സ്മരണയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു ഭരണകൂടമോ, ലോകം മുഴുവനോ വിചാരിച്ചാലും ഗാന്ധിജിയുടെ ജീവിതവിശുദ്ധിയെ തകര്‍ക്കാന്‍ സാധിക്കില്ലായെന്നും ലോകത്തു പലയിടത്തും ഗാന്ധജിജിയുടെ പേര് ചേര്‍ത്താണ് അവിടത്തെ രാഷ്ട്രശില്പികള്‍ക്കു നല്‍കിയിരിക്കുന്നതെന്നും സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ് ഡോ. ടി എസ് ജോയി പ്രഭാഷണത്തില്‍ പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ അധ്യക്ഷത വഹിച്ചു.