
കൊച്ചി: വിവിധ സംസ്ഥാനങ്ങളിലായി നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും നടപടിക്രമങ്ങളും ഈസ്റ്ററിന് ഒരുക്കമായി ലോകമെമ്പാടും ക്രൈസ്തവ സമൂഹം പുണ്യദിനങ്ങളായി ആചരിക്കുന്ന വിശുദ്ധവാരത്തില്‍നിന്ന് ഒഴിവാക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ഈസ്റ്റര്‍ ദിനം മാത്രമല്ല, ഓശാന ഞായര്‍ മുതല്‍ പെസഹാവ്യാഴം, ദുഃഖവെള്ളി, ദുഃഖശനി തുടങ്ങി വിശുദ്ധവാരത്തിലെ ഓരോ ദിവസവും ക്രൈസ്തവ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള പുണ്യദിനങ്ങളാണ്. ഈ വര്‍ഷം മാര്‍ച്ച് 28 മുതല്‍ ആരംഭിക്കുന്ന വിശുദ്ധവാര ശുശ്രൂഷകള്‍ ഏപ്രില്‍ 4ന് ഈസ്റ്ററോടുകൂടി സമാപിക്കും.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പോളിംഗ് സ്റ്റേഷനുകളായി മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്നു. തമിഴ്‌നാട് ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ ഒരു ഭാഗംതന്നെ പോളിംഗ് ബൂത്തിനായി വിട്ടുനല്‍കേണ്ടി വന്നിട്ടുണ്ട്. ഒട്ടേറെ വിശ്വാസികളും തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്കുവേണ്ടി മുന്‍കാലങ്ങളിലേതുപോലെ നിയുക്തരുമാണ്. കഴിഞ്ഞ കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ പെസഹാവ്യാഴാഴ്ചത്തെ ആചരണങ്ങള്‍ പ്രതിസന്ധിയിലാക്കി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്. ഇവയെല്ലാം കണക്കാക്കിവേണം ഇപ്രാവശ്യം തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കേണ്ടത്. ഏപ്രില്‍ 15നു ശേഷമുള്ള ദിവസമായിരിക്കും ഏറെ അഭികാമ്യമെന്നും ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്ക് നിവേദനം നല്‍കിയെന്നും വി.സി. സെബാസ്റ്റ്യന്‍ അറിയിച്ചു.