
ഒല്ലൂര്‍: അതിരൂപത സ്ലം സര്‍വീസ് സെന്‍റര്‍ സ്ഥാപക ഡയറക്ടര്‍ ഫാ. വി എസ് അറക്കലിന്‍റെ 30-ാം ചരമവാര്‍ഷികാനുസ്മരണം നടത്തി.
സാമൂഹ്യപ്രവര്‍ത്തകന്‍, കലാ-സാംസ്കാരിക നേതാവ്, കവി, ഗ്രന്ഥകാരന്‍, എഡിറ്റര്‍ അതിരൂപതയിലെ പ്രമുഖ സേവന സംഘടനകളുടെ സ്ഥാപകന്‍, മാതൃകാവികാരി, യുവസാഹിത്യകാരന്മാരുടെ പ്രോത്സാഹകന്‍ തുടങ്ങിയ നിലകളില്‍ തൃശൂര്‍ രൂപതയില്‍ മൂന്ന് പതിറ്റാണ്ട് നിറഞ്ഞുനിന്ന അതുല്യവ്യക്തിത്വമാണ് ഫാ. വി എസ് അറക്കല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഫാ. സെബാസ്റ്റ്യന്‍ അറക്കല്‍.
ഒല്ലൂരിലെ ഹൈസ്കൂള്‍ പഠനത്തിനുശേഷം തൃശൂര്‍ പെറ്റി സെമിനാരിയിലും മംഗലപ്പുഴ മേജര്‍ സെമിനാരിയിലും ഒമ്പതു കൊല്ലം തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1960 ല്‍ വൈദികനായശേഷം തൃശൂര്‍ ബസിലിക്കയിലും, പേരാമ്പ്രയിലും അസിസ്റ്റന്‍റ് വികാരിയായി പൂമല, എടക്കുളം, ചേറൂര്‍, മങ്ങാട്, ചിറ്റാട്ടുകര, അരണാട്ടുകുക, അയ്യന്തോള്‍, പാലയൂര്‍ എന്നിവിടങ്ങളില്‍ വികാരിയായി. കൊക്കാലെ, കന കമല, മറ്റത്തൂര്‍, കൊടകര, അത്താണി, പടിയൂര്‍, കുണ്ടുകാട്, പൊങ്ങണംകാട്, പുല്ലംകണ്ടം, പതിയാരം, എളവള്ളി മുതലായ സ്ഥലങ്ങളിലും സേവനമനുഷ്ഠിച്ചു.
നിരവധി സ്കൂളുകളില്‍ മാനേജരായും മഠങ്ങളില്‍ കപ്ലോനായും ജോലി ചെയ്തു. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവും സെനറ്റ് അംഗവുമായിരുന്നിട്ടുണ്ട്. രാമവര്‍മ്മപുരം ക്രൈസ്റ്റ് വില്ല പുവര്‍ഹോം ഡയറക്ടറുമായിരുന്നു.
അതിരൂപതയുടെ കീഴിലുള്ള സ്ലം സര്‍വ്വീസ് സെന്‍ററര്‍, കാത്തലിക്ക് എന്‍ജിനീയേഴ്സ് ഫോറം, കാത്തലിക് അഡ്വക്കേറ്റ്സ് സര്‍വീസ് ലീഗ് എന്നീ സംഘടനകളുടെ സംഘാടകന്‍, സ്ഥാപക ഡയറക്ടര്‍, 'സഹൃദയവേദി'യുടെ നിര്‍വ്വാഹകസമിതി അംഗം, വൈസ് പ്രസിഡന്‍റ്. 'സഹൃദയവേദി' മാസികയുടെ പത്രാധിപസമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
രാവിലെ മരത്താക്കര പള്ളിയില്‍ നടന്ന അനുസ്മരണ തിരുകര്‍മ്മങ്ങള്‍ക്ക് സ്ലം സര്‍വ്വീസ് സെന്‍റര്‍ ഡയറക്ടര്‍ ഫാ. ജിയോ ചിരിയങ്കണ്ടത്ത് നേതൃത്വം നല്‍കി. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ ഫാ. ജോബ് വടക്കന്‍, ബേബി മൂക്കന്‍, ജോബ് ചിറമ്മല്‍, ജോയ് പോള്‍, ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, ജോണ്‍സന്‍ കൊക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡയറക്ടര്‍ ഫാ. ജിയോ ചിരിയങ്കണ്ടത്ത് കല്ലറയില്‍ ബൊക്കെ സമര്‍പ്പിച്ചു.