പ്രഥമ ചാവറ മാധ്യമ പുരസ്‌കാരം സിജോ പൈനാടത്തിന്

പ്രഥമ ചാവറ മാധ്യമ പുരസ്‌കാരം സിജോ പൈനാടത്തിന്

കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളജിന്റെ മീഡിയ കാമ്പസായ എസ്എച്ച് സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ചാവറ മാധ്യമ പുരസ്‌കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. 2022 ജൂണ്‍ 17 മുതല്‍ 22 വരെ ആറ് അധ്യായങ്ങളിലായി ദീപികയില്‍ പ്രസിദ്ധീകരിച്ച 'കാട്ടുനീതിയുടെ കാണാപ്പുറങ്ങള്‍' പരമ്പര ഉള്‍പ്പടെ പരിസ്ഥിതി വിഷയങ്ങളിലെ മികച്ച റിപ്പോര്‍ട്ടിംഗിനാണു പുരസ്‌കാരം.

10001 രൂപയും പ്രശസ്തിപത്രവും ശില്പവുമുടങ്ങുന്ന പുരസ്‌കാരം മേയ് മൂന്നിന് തേവര എസ്എച്ച് കോളജില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

നേരത്തെ ദേശീയതലത്തിലുള്ള റീച്ച്‌യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പ്, സ്‌കാര്‍ഫ് ഇന്ത്യ ദേശീയ മാധ്യമ പുരസ്‌കാരം, കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ്, ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം മീഡിയ അവാര്‍ഡ്, സ്വരാജ് ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരം, മണപ്പുറം യൂണിക് ടൈംസ് മിന്നലൈ മീഡിയ അവാര്‍ഡ് എന്നിവ സിജോ പൈനാടത്തിന് ലഭിച്ചിട്ടുണ്ട്.

2008 മുതല്‍ ദീപിക പത്രാധിപസമിതി അംഗമായ സിജോ, എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ആറങ്കാവ് പൈനാടത്ത് പരേതനായ എസ്തപ്പാനുവിന്റെയും മറിയംകുട്ടിയുടെയും മകനാണ്. ഭാര്യ: ഡോ. സിജി സിജോ (മഞ്ഞപ്ര സെന്റ് മേരീസ് യുപി സ്‌കൂള്‍ അധ്യാപിക). സ്റ്റെഫാന്‍ എസ്. പൈനാടത്ത് (എടനാട് വിജ്ഞാനപീഠം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി) മകനാണ്.

മാധ്യമ രംഗത്തെ സമഗ്ര സേവനത്തിനുള്ള ചാവറ അവാര്‍ഡ് (25000 രൂപയും പ്രശസ്തിപത്രവും ശില്പവും) മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിനു നല്‍കും.

മറ്റു പുരസ്‌കാരങ്ങള്‍ (10001 രൂപയും പ്രശസ്തിപത്രവും ശില്പവും): ദൃശ്യ മാധ്യമം കെ.ആര്‍. ഗോപീകൃഷ്ണന്‍ (24 ന്യൂസ്), ജോഷി കുര്യന്‍, എം.വി. നിഷാന്ത് (ഇരുവരും ഏഷ്യാനെറ്റ് ന്യൂസ്), ബിജു പങ്കജ് (മാതൃഭൂമി ന്യൂസ്).

അച്ചടി മാധ്യമം ടി.ജെ.ശ്രീജിത്ത്, കെ. ഉണ്ണികൃഷ്ണന്‍, ടി. കെ. പ്രദീപ് കുമാര്‍ (മൂവരും മാതൃഭൂമി), എം.ആര്‍. ഹരികുമാര്‍, ജോസ്‌കുട്ടി പനക്കല്‍ (ഇരുവരും മലയാള മനോരമ),

റേഡിയോ പ്രിയരാജ് ഗോവിന്ദരാജ് (ക്ലബ് എഫ്എം).

സ്‌പെഷല്‍ ജൂറി അവാര്‍ഡ് (5001 രൂപയും പ്രശസ്തിപത്രവും ശില്പവും) പി. വി. ജീജോ (ദേശാഭിമാനി), ഷംനാസ് കാലായില്‍ (മാധ്യമം).

എസ്എച്ച് സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണു പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org