

കൊച്ചി: കേരള കത്തോലിക്കാസഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകള്‍ നല്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഫാദര്‍ മാത്യു നടയ്ക്കല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മതബോധനരംഗത്ത് വലിയ സംഭാവനകള്‍ നല്കിയിട്ടുള്ള ഫാ. മാത്യു നടക്കലിന്റെ ഓര്‍മ്മയ്ക്കായി നല്കപ്പെടുന്ന അവാര്‍ഡിന് കത്തോലിക്കാസഭയിലെ മൂന്നു റീത്തുകളില്‍ നിന്നുമുള്ള അപേക്ഷകരില്‍ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
കഴിഞ്ഞവര്‍ഷം അവാര്‍ഡിന് സീറോ മലബാര്‍ സഭയില്‍ കോതമംഗലം രൂപത വാഴക്കുളം സെന്റ് ജോര്‍ജ്ജ് ഇടവകാംഗം ശ്രീ. രാജീവ് ജോസഫ്, സീറോ മലങ്കരസഭയില്‍ മാവേലിക്കര രൂപത സെന്റ് ജോര്‍ജ്ജ് മലങ്കര കാത്തലിക് കൈതക്കോട് ഇടവകാംഗം ശ്രീമതി റോസമ്മ ഗീവറുഗീസ്, ലത്തീന്‍ സഭയില്‍ വരാപ്പുഴ അതിരൂപത പോണേക്കര സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ഇടവകാംഗം ഡോ. ഗ്രിഗറി പോള്‍ കെ ജെ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
മെയ് മാസം 30-ാം തീയതി മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന മതാധ്യാപക സംഗമത്തില്‍ ബിഷപ് മാത്യൂ മാര്‍ പോളികാര്‍പസ്സ് അവാര്‍ഡുകള്‍ നല്കുന്നതാണ്. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. പാസ്റ്റല്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡീന്‍ ഓഫ് സ്റ്റഡീസ് റവ. ഫാ. ടോണി കോഴിമണ്ണില്‍, മാവേലിക്കര രൂപത മതബോധന ഡയറക്ടര്‍ റവ. ഫാ. കുരിയാക്കോസ് തിരുവാലില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.