

തിരുമുടിക്കുന്ന് : ഫെബ്രുവരി 13 നു നിര്യാതനായ ഫാ. ജോസഫ് പാലാട്ടിയ്ക്കു വേണ്ടിയുള്ള ദിവ്യബലിയർപ്പണവും അനുസ്മരണസമ്മേളനവും തിരുമുടിക്കുന്ന ലിറ്റിൽ ഫ്ളവർ ഇടവകയിൽ നടത്തി. എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ പാലാട്ടിയച്ചൻ (88) ആനപ്പാറ ഫാത്തിമ മാതാ ഇടവകാംഗമായിരുന്നു. എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്നു.
അതിരൂപതയിലെ കൊരട്ടി പള്ളിയിൽ സഹവികാരിയായും പുഷ്പഗിരി, ഏലൂർ, പാതാളം, മാണിക്യമംഗലം, കാലടി, വേങ്ങൂർ, മാമ്പ്ര, പീച്ചാനിക്കാട്, തിരുമുടിക്കുന്ന്, കോടനാട്, എളവൂർ, കിടങ്ങൂർ, വല്ലം, ആമ്പല്ലൂർ, സൗത്ത് തുറവൂർ, മുട്ടത്തിപ്പറമ്പ്, മാടക്കൽ, എന്നീ പള്ളികളിൽ വികാരിയായും വൈക്കം നടേൽ, ഉല്ലല, ഞാറക്കൽ എന്നിവിടങ്ങളിൽ റസിഡൻറ് പ്രീസ്റ്റായും എളവൂർ യാനം മഠത്തിൽ ചാപ്ലിൻ ആയും അച്ചൻ സേവനം ചെയ്തിട്ടുണ്ട്. കൂടാതെ ചെങ്ങൽ പ്രീസ്റ്റ് ഹോമിന്റെ ഡയറക്ടർ ആയും കാഞ്ഞൂർ ഐടിസി അസിസ്റ്റൻറ് പ്രിൻസിപ്പൽ ആയും സൗത്ത് തുറവൂർ ഐടിസിയുടെ ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്.
അനുസ്മരണ ദിവ്യബലിയിൽ വികാരി ഫാ. പോൾ മൂഞ്ഞേലി മുഖ്യകാർമ്മികനായി. സമ്മേളനത്തിൽ ഫാ. തോമസ് പെരേപ്പാടൻ, ഫാ. ജെയിംസ് അമ്പലത്തിൽ, അവറാച്ചൻ തച്ചിൽ, മാർട്ടിൻ പതപ്പിള്ളി, പി ഒ ദേവസി (കുട്ടപ്പൻ മാസ്റ്റർ), പാലാട്ടിയച്ചന്റെ സഹോദരപുത്രനായ രാജൻ ജേക്കബ്, ഷിബു തയ്യിൽ, ബെന്നി വല്ലൂരാൻ തുടങ്ങിയവർ പ്രസംഗിച്ചു.
1978 മുതൽ 1988 വരെയുള്ള പത്തു വർഷമാണ് പാലാട്ടിയച്ചൻ തിരുമുടിക്കുന്ന് ഇടവക വികാരിയായിരുന്നത്. പി എസ് ഹൈസ്കൂൾ, സെ.ജോസഫ്സ് തീപ്പെട്ടിക്കമ്പനി, നെയ്ത്തുകമ്പനി, രണ്ടു കപ്പേളകൾ, മരണാന്തരസഹായസംഘം തുടങ്ങിയവ സ്ഥാപിച്ചതിനു പുറമെ ഇടവകദേവാലയം പുനഃനിർമ്മിച്ചതും പാലാട്ടിയച്ചനാണെന്ന് പ്രസംഗകർ അനുസ്മരിച്ചു.