സ്‌നേഹജ്യോതിക്കു കരുതലുമായി കൂട്ടുകാരെത്തി

സ്‌നേഹജ്യോതിക്കു കരുതലുമായി കൂട്ടുകാരെത്തി
Published on

പാറപ്പുറം സ്‌നേഹജ്യോതിയിലെ കുട്ടികള്‍ക്കുള്ള സഹായങ്ങള്‍, ഡയറക്ടര്‍ സിസ്റ്റര്‍ ജിസ പയ്യപ്പിള്ളിയ്ക്കു കിഴക്കുംഭാഗം ഇന്‍ഫന്റ് ജീസസ് പള്ളി വികാരി ഫാ. സുബിന്‍ പാറയ്ക്കലും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു കൈമാറുന്നു.)

പാറപ്പുറത്തെയും പുല്ലുവഴിയിലെയും സ്‌നേഹജ്യോതി ശിശുഭവനുകളിലെ കുട്ടികള്‍ക്കു സ്‌നേഹത്തിന്റെ കരുതലുമായി കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയിലെ വിശ്വാസ പരിശീലന വിദ്യാര്‍ഥികളും അധ്യാപകരും. വിശ്വാസ പരിശീലന ക്ലാസുകളില്‍ സ്വന്തമാക്കിയ വിശ്വാസബോധ്യങ്ങളില്‍ നിന്നുള്ള പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായുള്ള ജീവകാരുണ്യപ്രവര്‍ത്തനത്തിനു, വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍ ദിനമാണു വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്തത്.
സ്‌നേഹജ്യോതിയിലെ അന്തേവാസികളായ കുഞ്ഞുങ്ങള്‍ക്കു സഹായമെത്തിക്കാന്‍, വികാരി ഫാ. സുബിന്‍ പാറയ്ക്കല്‍, പ്രധാനധ്യാപകന്‍ സിജോ പൈനാടത്ത് എന്നിവരുടെ നേതൃത്വത്തില്‍ കിഴക്കുംഭാഗത്തെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണു തുക സമാഹരിച്ചത്.
സ്‌നേഹജ്യോതിയിലേക്കു സ്‌നേഹപൂര്‍വം എന്ന പേരില്‍ നടത്തിയ പദ്ധതിയോട് ഇടവകയിലെ സുമനസുകളും കൈകോര്‍ത്തു. ശിശുഭവനിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സാധനങ്ങളും, അവര്‍ക്കുള്ള വിവിധ ഭക്ഷ്യവസ്തുക്കളും ശേഖരിച്ച് എത്തിച്ചു. ഇതിനൊപ്പം സ്‌നേഹജ്യോതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു കാല്‍ ലക്ഷം രൂപയും സ്‌നേഹജ്യോതി ഡയറക്ടര്‍ സിസ്റ്റര്‍ ജിസ പയ്യപ്പിള്ളിയ്ക്കു കൈമാറി.
അധ്യാപകരായ രശ്മി ബിജു, അഖില ദേവസിക്കുട്ടി, ദീപ്തി ഡേവിസ്, സിജോ ജോസ്, വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ചു
ജോയല്‍ ജോജി, സാക്്സണ്‍ സണ്ണി, സജയ് സെബാസ്റ്റിയന്‍, ഗോഡ് വിന്‍ ഡേവിസ്, അനന്യ തങ്കച്ചന്‍, അഥീന ടോമി, ലിയ റോസ് ബിജു എന്നിവരും സ്‌നേഹജ്യോതിയിലെ കൂട്ടുകാര്‍ക്കു സമ്മാനങ്ങള്‍ കൈമാറാനെത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org