ആവിഷ്‌കാര സ്വാതന്ത്ര്യം ആരെയും അവഹേളിക്കാനുള്ള ലൈസന്‍സല്ല: അഡ്വ. വി സി സെബാസ്റ്റ്യന്‍

ആവിഷ്‌കാര സ്വാതന്ത്ര്യം ആരെയും അവഹേളിക്കാനുള്ള ലൈസന്‍സല്ല: അഡ്വ. വി സി സെബാസ്റ്റ്യന്‍

കൊച്ചി: ജനാധിപത്യ സംവിധാനത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യം വ്യക്തികളേയും സമൂഹങ്ങളേയും അവഹേളിക്കാനും ആക്ഷേപിക്കാനുമുള്ള ലൈസന്‍സായി ആരും കാണരുതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍.
ക്രൈസ്തവ വിശ്വാസമൂല്യങ്ങളെയും സഭാസംവിധാനങ്ങളെയും വൈദിക സന്യസ്ത സമൂഹങ്ങളേയും പൊതുസമൂഹത്തില്‍ അപഹാസ്യരായി ചിത്രീകരിച്ചുള്ള ക്രൈസ്തവ വിരുദ്ധ ശക്തികളുടെ അഴിഞ്ഞാട്ടം കേരളത്തിലിന്ന് പതിവായിരിക്കുന്നു. വ്യക്തികളുടെ ആത്മാഭിമാനത്തെപ്പോലും ചവിട്ടിയരയ്ക്കുന്ന ഇത്തരം ദേശവിരുദ്ധ ശക്തികള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുടപിടിക്കുന്നത് ധിക്കാരവും എതിര്‍ക്കപ്പെടേണ്ടതും ശിക്ഷാനടപടികള്‍ക്ക് വിധേയമാകേണ്ടതുമാണ്.
വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ തലങ്ങളില്‍ സമര്‍പ്പണജീവിതം നയിച്ച് അനേകായിരങ്ങളുടെ കണ്ണീരൊപ്പി നന്മകള്‍ വര്‍ഷിക്കുന്ന കത്തോലിക്കാസഭയിലെ സന്യസ്തസമൂഹത്തെ വികലമായി ചിത്രീകരിച്ച് ഉന്മൂലനം ചെയ്യാമെന്ന് സ്വപ്നം കാണുന്നവര്‍ പമ്പരവിഢികളാണ്. പതിറ്റാണ്ടുകളായി ആഗോളതലത്തില്‍ അക്രമവും അധിനിവേശവും അധിക്ഷേപവും ഏറ്റുവാങ്ങിയിട്ടും ലോകം മുഴുവന്‍ നിറസാന്നിധ്യമായി ക്രൈസ്തവ സമൂഹം വളര്‍ച്ച പ്രാപിച്ചിരിക്കുന്നതിന്റെ പിന്നില്‍ ഈ സന്യസ്ത സമൂഹത്തിന്റെ ആത്മസമര്‍പ്പണവും പിന്‍ബലവും ത്യാഗജീവിതവുമുണ്ടെന്നുള്ളത് ലോകം തിരിച്ചറിഞ്ഞതാണ്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ ദേശവിരുദ്ധ തീവ്രവാദശക്തികള്‍ അഴിച്ചുവിടുന്ന അക്രമങ്ങളും അടിച്ചമര്‍ത്തലുകളും തുടരുമ്പോള്‍ കേരളത്തില്‍ ക്രൈസ്തവരെ ആക്ഷേപിക്കാനും അവഹേളിക്കാനും സഭാസംവിധാനങ്ങളിലേയ്ക്കും ക്രിസ്തീയ കുടുംബങ്ങളിലേയ്ക്കും നുഴഞ്ഞുകയറി ശിഥിലമാക്കാനും ക്രൈസ്തവ വിരുദ്ധര്‍ നടത്തുന്ന കുത്സിതശ്രമങ്ങളുടെ തുടര്‍ച്ചയാണ് സന്യസ്തര്‍ക്കെതിരെയുള്ള ആവിഷ്‌കാര ആക്ഷേപങ്ങള്‍.
സ്‌നേഹത്തിന്റെ ഭാഷ സംസാരിച്ച് സേവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് സഹനത്തിലും ആത്മസമര്‍പ്പണത്തിലും ജീവിച്ച് ക്രിസ്തുവിനു സാക്ഷ്യമേകുന്നവരും സമാധാനം കാംക്ഷിക്കുന്നവരുമായ സന്യസ്തരുടെ നിശബ്ദപ്രതികരണങ്ങള്‍ നിഷ്‌ക്രിയത്വമല്ല. ഭാരത പൗരന്മാരെന്ന നിലയില്‍ ഭരണഘടന ഉറപ്പാക്കുന്ന എല്ലാ പൗരാവകാശങ്ങളും സ്ത്രീയെന്ന പരിഗണനയും ഇന്ത്യയിലെ സന്യസ്തര്‍ക്കും അവകാശപ്പെട്ടതാണ്. സമൂഹത്തില്‍ വ്യാപകമാകുന്നതും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതുമായ ആക്ഷേപ ആവിഷ്‌കാരങ്ങള്‍ക്കും അവഹേളന ദുഷ്ചിന്തകള്‍ക്കുമെതിരെ പൊതുമനഃസാക്ഷി ഉണര്‍ന്നുപ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് വി സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org