മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ പെരിന്തൽമണ്ണയിൽ പ്രതിഷേധം ഇരമ്പി

മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ പെരിന്തൽമണ്ണയിൽ പ്രതിഷേധം ഇരമ്പി
Published on

പെരിന്തൽമണ്ണ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ഉൾപ്പെടെ  ഗുരുതര വകുപ്പുകൾ ചുമത്തി കന്യാസ്ത്രീകളെ ജയിലിൽ അടച്ച നടപടിക്കെതിരെ പെരിന്തൽമണ്ണയിൽ പ്രതിഷേധം ഇരമ്പി.  പെരിന്തൽമണ്ണ - മരിയാപുരം ഫൊറോന കളിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ നടത്തിയ പ്രതിഷേധറാലിയിലും സമ്മേളനത്തിലും നൂറു കണക്കിനാളുകൾ പങ്കെടുത്തു.

കൊടികളും പ്ലക്കാർഡുകളുമേന്തി പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തി, പെരിന്തൽമണ്ണ ലൂർദ് പള്ളി പരിസരത്തു നിന്നും ആരംഭിച്ച റാലി നഗരംചുറ്റി പെരിന്തൽമണ്ണ സെൻ്റ് അൽഫോൻസ ദേവാലയ അങ്കണത്തിൽ സമാപിച്ചു. തുടർന്നു നടന്ന സമ്മേളനത്തിൽ മരിയാപുരം ഫൊറോന വികാരി ഫാ.ജോർജ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.

ട്രീസ ഞെരളക്കാട്ട്, ഫാ.സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ, മനോജ് വീട്ടുവേലിക്കുന്നേൽ, വർഗീസ് കണ്ണാത്ത്, ഷാൻ്റോ തകിടിയേൽ, എ.ജെ.സണ്ണി, ജോർജ് ചിറത്തലയാട്ട്, ബോബൻ കൊക്കപ്പുഴ, എന്നിവർ പ്രസംഗിച്ചു. നിരപരാധികൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കണമെന്നും അവർക്കെതിരായ വ്യാജക്കേസ് പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്നും സമ്മേളനം  ആവശ്യപ്പെട്ടു.

ദീർഘകാലമായി ക്രൈസ്തവ വിശ്വാസികളായിരുന്ന പെൺകുട്ടികൾ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകൾക്കൊപ്പം ജോലിക്കു പോയതെന്ന് പെൺകുട്ടികൾ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ പോലും നാണിപ്പിക്കുന്ന പ്രവൃത്തി. ഭരണാധികാരികൾ പൊതു സമൂഹത്തോടും കന്യാസ്ത്രീകളോടും മാപ്പു പറഞ്ഞ് അവരെ ഉടനടി മോചിപ്പിക്കണം. - സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പാരിഷ് കൗൺസിൽ, കുടുംബ കൂട്ടായ്മ,
കെ സി വൈ എം, കത്തോലിക്കാ  കോൺഗ്രസ്, ചെറുപുഷ്പ മിഷൻലീഗ്, കെ.എൽ.സി.എ, മാതൃവേദി, പിതൃവേദി, സെൻ്റ് വിൻസൻ്റ് ഡി പോൾ സൊസൈറ്റി, യൂദിത്ത് ഫോറം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി.  വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സന്യസ്തർ, അൽമായ പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ ഉൾപ്പെടെ അനേകർ പരിപാടിയിൽ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org