ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണം: എറണാകുളം – അങ്കമാലി അതിരൂപത പ്രതിഷേധ പരിപാടി നടത്തി

ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണം: എറണാകുളം – അങ്കമാലി അതിരൂപത പ്രതിഷേധ പരിപാടി നടത്തി

കൊച്ചി: ദളിതരോടും ന്യൂനപക്ഷ ദുര്‍ബല വിഭാഗങ്ങളോടും നാളുകളായി ഭാരതത്തില്‍ പുലര്‍ത്തിവരുന്ന നിഷേധാത്മക നയങ്ങളുടെ തുടര്‍ച്ചയാണ് ആദിവാസികള്‍ക്കിടയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും ഈശോസഭാ വൈദികനുമായ ഫാ.സ്റ്റാന്‍ സ്വാമിയുടെ (ഫാ. സ്റ്റന്‍സിലാവോസ് ലൂര്‍ദ് സ്വാമി) അറസ്റ്റെന്നു എറണാകുളം – അങ്കമാലി അതിരൂപത.
ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അതിരൂപതയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 12-ാം തീയതി തിങ്കളാഴ്ച വൈകിട്ട് ഹൈക്കോടതി ജംഗ്ഷനില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വികാരി ജനറാള്‍ റവ.ഡോ. ജോയ് ഐനിയാടന്‍, വൈസ് ചാന്‍സലര്‍ ഫാ. ജെസ്റ്റിന്‍ കൈപ്രംപാടന്‍, പിആര്‍ഒ ഫാ. മാത്യു കിലുക്കന്‍, ഫാ. ഷിനു ഉതുപ്പാന്‍, ഫാ. ജെറി ഞാളിയത്ത്, ഫാ. തോമസ് നങ്ങേലിമാലില്‍, ഫാ. ജോഷി പുതുശേരി, ഫാ. സണ്ണി കളപ്പുരയ്ക്കല്‍, ഫാ. അനു മൂഞ്ഞേലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പ്രതിഷേധം.
ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നു വൈദികര്‍ പറഞ്ഞു. ദശാബ്ദങ്ങളായി ജാര്‍ഖണ്ഡ് കേന്ദ്രികരിച്ചു ദളിതരുടെയും ന്യൂനപക്ഷവിഭാഗങ്ങളുടെയും അവകാശപ്പോരാട്ടങ്ങള്‍ക്ക് ക്രിയാത്മകമായ നേതൃത്വം നല്‍കിവരുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ പലര്‍ക്കും അദ്ദേഹത്തെ അനഭിമതനാക്കിയിരുന്നു. നിരോധിത സംഘടനയായ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് 84 വയസുള്ള വൈദികനെ ജയിലിലടച്ചതെന്ന് മനസിലാക്കുന്നു. വിയോജിപ്പിന്റെയും പ്രതിഷേധത്തിന്റെയും ജനാധിപത്യ ഇടം ചുരുങ്ങി വരുന്ന പുതിയ ഇന്ത്യയില്‍ വൈദികന്റെ അറസ്റ്റ് നടുക്കമുളവാക്കുന്നു . എത്രയും വേഗം അദ്ദേഹത്തിന്റെ മോചനം ഉറപ്പാക്കണമെന്ന് രാജ്യത്തെ ജനാധിപത്യ നിയമ സംവിധാനങ്ങളോടും കേന്ദ്രസര്‍ക്കാരിനോടും അഭ്യര്‍ഥിക്കുന്നുവെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org