മരണാനന്തര കര്‍മ്മങ്ങളിലും ലാളിത്യം ആഗ്രഹിച്ച ഫാ. കുമ്പുക്കല്‍ യാത്രയായി

മരണാനന്തര കര്‍മ്മങ്ങളിലും ലാളിത്യം ആഗ്രഹിച്ച ഫാ. കുമ്പുക്കല്‍ യാത്രയായി

വില്‍പത്രത്തില്‍ തന്റെ മരണാനന്തര കര്‍മ്മങ്ങള്‍ ഏറ്റവും ലളിതവും ആര്‍ഭാടരഹിതമായും നടത്തണമെന്ന് എഴുതിവച്ച ഫാ. ജെയിംസ് കുമ്പുക്കല്‍ വൈദിക-അല്മായ സമൂഹത്തിനു പ്രചോദനവും മാതൃകയും നല്‍കി ഈ ലോകത്തില്‍ നിന്നു യാത്രയായി. മാനന്തവാടി രൂപതയിലെ ഫാ. ജെയിംസ് കുമ്പുക്കല്‍ ജൂണ്‍ 21 ന് എഴുപത്തെട്ടാമെത്തെ വയസ്സില്‍ കരള്‍ കാന്‍സര്‍ മൂലമാണ് നിര്യാതനായത്. മരണമടയുന്ന ദിനത്തില്‍ തന്നെ തന്റെ സംസ്‌ക്കാരവും നടത്തണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം മാത്രം രൂപതാധികാരികള്‍ക്കു നിറവേറ്റാനായില്ല. ജൂണ്‍ 21 ന് വൈകിട്ടു അന്തരിച്ച ഫാ. കുമ്പുക്കലിന്റെ വിദൂരത്തുള്ള ബന്ധുക്കള്‍ എത്തിച്ചേരാന്‍ കൊവിഡ് സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ പിറ്റേ ദിവസമാണു മൃതസംസ്‌ക്കാരം നടത്താനായത്.

മൃതസംസ്‌ക്കാരത്തിന് അനാവശ്യചെലവുകള്‍ ഒഴിവാക്കണമെന്ന് ഫാ. കുമ്പുക്കല്‍ വില്‍പത്രത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. പൊങ്ങച്ചത്തിന്റെ വിലകൂടിയ മൃതദേഹപേടകത്തില്‍ കിടത്തരുതെന്നും സാധാരണ ശവമഞ്ചം മതിയെന്നുമാണ് അദ്ദേഹം എഴുതിയിരുന്നത്. മൃതദേഹത്തില്‍ റീത്തുകളോ പൂക്കളോ വയ്ക്കരുത്. അതിനു ആളുകള്‍ ചെലവാക്കുന്ന തുക മൂന്നു വര്‍ഷം താന്‍ ജീവിച്ച വൈദിക മന്ദിരത്തിലെ അന്തേവാസികളുടെ ക്ഷേമത്തിനായി നല്‍കണം. മൃതസംസ്‌ക്കാര ബലിമദ്ധ്യേ പ്രശംസകളോ പുകഴ്ത്തലുകളോ പാടില്ല. "എന്റെ ജന്മം യേശുക്രിസ്തുവിനു വേണ്ടിയാണ്. ഞാന്‍ ആരെന്ന് അവിടുത്തേക്ക് അറിയാം. അവിടുത്തെ പ്രീതി മാത്രം മതിയെനിക്ക്" – വില്‍പത്രത്തില്‍ ഫാ. കുമ്പുക്കല്‍ എഴുതി. തന്റെ തുച്ഛമായ സമ്പാദ്യത്തില്‍ നിന്നായിരിക്കണം മരണാനന്തര കര്‍മ്മങ്ങള്‍ക്കെത്തുന്നവര്‍ക്കു ചായയും മറ്റും നല്‍കേണ്ടത്. ഇക്കാര്യത്തില്‍ രൂപതാധികാരികളെ ബുദ്ധിമുട്ടിക്കരുത്. സമ്പാദ്യത്തില്‍ ബാക്കിയുണ്ടെങ്കില്‍ അതു പാവപ്പെട്ടവര്‍ക്കു നല്‍കണം.

ഫാ. കുമ്പുക്കല്‍ സേവനം ചെയ്തിരുന്ന ഇടവകയിലെല്ലാം അദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. നിര്‍ധനരായ നിരവധി വിദ്യാര്‍ത്ഥികളെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. അന്ത്യകാലത്ത് രോഗതീവ്രത യുടെ സഹനനിമിഷങ്ങളില്‍ പോലും അദ്ദേഹം സന്തോഷവാനായി രുന്നുവെന്ന് പ്രീസ്റ്റ്‌ഹോം ഡയറക്ടര്‍ ഫാ. ജെയ്‌മോന്‍ കലമ്പുകാട്ട് അനുസ്മരിച്ചു. രോഗത്തിന്റെ തീവ്രതയില്‍ പോലും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടാന്‍ അദ്ദേഹം വിസമ്മതിച്ചു. സഭയുടെ കീഴിലുള്ള സാധാരണ ആശുപത്രിയില്‍ പോകാനായിരുന്നു അദ്ദേഹം ശഠിച്ചിരുന്നതെന്ന് ഫാ. കലമ്പുകാട്ട് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org