ഫാ. ഡൊമിനിക് ഫെര്‍ണാണ്ടസ് വൈദിക പരിശീലന രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ മിഷനറി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ഫാ. ഡൊമിനിക് ഫെര്‍ണാണ്ടസ് വൈദിക പരിശീലന രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ മിഷനറി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Published on

വൈദികപരിശീലനരംഗത്തു മഹത്തായ സംഭാവനകള്‍ നല്‍കിക്കൊണ്ട് ഒരു കാലഘട്ടത്തിലെ വൈദികരെ രൂപപ്പെടുത്തിയ മിഷനറി വൈദികനാണ് ഫാ. ഡൊമിനിക് ഫെര്‍ണാണ്ടസ് എന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി പ്രഫസര്‍, റെക്ടര്‍, ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ്ï എന്നീ നിലകളില്‍ രണ്ടര പതിറ്റാണ്ടു കാലം സ്തുത്യര്‍ഹമായ സേവനം ചെയ്ത കര്‍മ്മലീത്താ വൈദികന്റെ മരണത്തില്‍ കെസിബിസി പ്രസിഡണ്ടും ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചാന്‍സലറുമായ കര്‍ദിനാള്‍ ആലഞ്ചേരി നല്‍കിയ അനുശോചന സന്ദേശത്തിലാണ് ഇക്കാര്യം അനുസ്മരിച്ചിരിക്കുന്നത്.

1954 മുതല്‍ 1978 വരെയുള്ള കാലഘട്ടത്തില്‍ ഫാ. ഡൊമിനിക് ഫെര്‍ണാണ്ടസിന്റെ സേവന രംഗം ആലുവ സെമിനാരിയായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നവീകരണ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ സെമിനാരി പരിശീലനം കാലാനുസൃതമായി പരിഷ്‌കരിക്കുവാന്‍ അദ്ദേഹം ശ്രദ്ധപതിപ്പിച്ചു. വൈദികവിദ്യാര്‍ത്ഥികള്‍ ദൈവവിശ്വാസത്തിലും സഭാസ്‌നേഹത്തിലും വളരുന്നതോടൊപ്പം 'ഭൗതികമേഖലകളിലും കഴിവുള്ളവരായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി അനേകം കാര്യങ്ങള്‍ അദ്ദേഹം നടപ്പില്‍ വരുത്തി. ആലുവ സെമിനാരിയോട് ചേര്‍ന്ന് ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനു അദ്ദേഹം നല്‍കിയ നേതൃത്വം ഒരുദാഹരണം മാത്രമാണ്.— സെമിനാരി വിദ്യാര്‍ത്ഥികളെ കലാകായിക രംഗങ്ങളില്‍ പ്രവീണരാക്കുന്നതിന് യൂണിവേഴ്‌സിറ്റി കോളേജുകളോട് ചേര്‍ന്ന് അദ്ദേഹം പരിശ്രമിച്ചു. ബഹു. ഡൊമിനിക് അച്ചന്‍ റെക്ടറും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റുമായിരുന്ന കാലഘട്ടത്തില്‍ അവിടെ വൈദിക പരിശീലന നേടുവാനും പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ബാച്ചില്‍ ഒരാളായി ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കാനും സാധിച്ചത് ഒരു വലിയ 'ഭാഗ്യമായി കരുതുന്നുവെന്നും കര്‍ദിനാള്‍ ആലഞ്ചേരി അനുസ്മരിച്ചു.

ക്രാന്തദര്‍ശിയും സൗമ്യനും മാന്യവും സംശുദ്ധവുമായ പെരുമാറ്റരീതിയുടെ ഉടമയുമായിരുന്നു ബഹു. ഡൊമിനിക്കച്ചന്‍. സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്ത് എല്ലാവരുടെയും സഹകരണം ഉറപ്പാക്കിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സഭാധികാരികളോടുള്ള വിധേയത്വവും അദ്ദേഹത്തിന്റെ പ്രധാന സവിശേഷതയായിരുന്നു. വൈദിക പരിശീലന രംഗത്തു ഈ നാടിന്റെ സംസ്‌കാരത്തിനു പ്രാധാന്യം നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. ബഹു. ജോണ്‍ ജോസഫ് അച്ചന്‍, ധന്യനായ സഖറിയാസ് അച്ചന്‍, ധന്യനായ ഔറേലിയൂസ് അച്ചന്‍, ബഹു. മൈക്കളാഞ്ചലോ അച്ചന്‍ എന്നീ പ്രഗല്‍ഭരായ കര്‍മ്മലീത്താ വൈദികരുടെ നിരയില്‍ നില്‍ക്കുന്നു ബഹു. ഡോമിനിക് അച്ചന്‍. കര്‍മ്മലീത്ത വൈദികര്‍ കേരളത്തിലെ സഭയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. ബഹു. ഡോമിനിക്കച്ചന്റെ സേവനങ്ങളും അതോടൊപ്പം എക്കാലവും സ്മരിക്കപ്പെടുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org