ഫാ. ചെറിയാൻ നേരെവീട്ടിൽ നിര്യാതനായി

ഫാ. ചെറിയാൻ നേരെവീട്ടിൽ നിര്യാതനായി

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന സത്യദീപം മുന്‍ ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍ ( 49 ) അന്തരിച്ചു.

തലയ്ക്കു ഗുരുതര പരിക്കേറ്റു കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അച്ചന് ഇന്നലെ ഹൃദയാഘാതമുണ്ടായതോടെയാണ് ആരോഗ്യനില മോശമായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം. മൃതസംസ്‌കാരം പിന്നീട്.

എറണാകുളം അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു. മരട് പിഎസ് മിഷന്‍ ആശുപത്രിയ്ക്കു സമീപം കഴിഞ്ഞ 13നു വൈകുന്നേരം നടക്കുന്നതിനിടെ ആശുപത്രിയിലെ ജീവനക്കാരന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണു അച്ചനു തലയ്ക്കു ഗുരുതര പരിക്കേറ്റത്. അന്നു തന്നെ ലേക് ഷോര്‍ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തുടര്‍ന്ന് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായപ്പോള്‍
വെന്റിലേറ്ററില്‍ നിന്നു മാറ്റിയിരുന്നു.

നേരത്തെ വൃക്കദാനം നടത്തിയിട്ടുള്ള വൈദികനാണ് ഫാ. നേരേവീട്ടില്‍.

1971 ജൂണ്‍ എട്ടിനു ഇടപ്പള്ളി തോപ്പില്‍ ഇടവകയിലാണു ജനനം. ജോസഫ്-മേരി എന്നിവരാണ് മാതാപിതാക്കള്‍. ദേവസ്സി, വര്‍ഗ്ഗീസ് (പരേതന്‍) എന്നിവരാണ് സഹോദരങ്ങള്‍. 1997 ജനുവരി ഒന്നിന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. കൊരട്ടി സെന്റ് മേരീസ് ഫൊറോനാ പള്ളി, എറണാകുളം ബസിലിക്ക എന്നിവിടങ്ങളില്‍ സഹവികാരിയായും, ഏലൂര്‍, താമരച്ചാല്‍പുരം, പെരുമാനൂര്‍, മരട് എന്നിവിടങ്ങളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. 2007 മുതല്‍ 2010 വരെ അതിരൂപതാ മൈനര്‍ സെമിനാരിയില്‍ ആത്മീയപിതാവായിരുന്നു. 2015 മുതല്‍ 2019 വരെ സത്യദീപം ചീഫ് എഡിറ്ററായി സേവനം ചെയ്തു.

ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്.

അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ ഇന്നലെ ആശുപത്രിയിലെത്തി അച്ചനെ സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org