വിദേശ സ്വകാര്യ സര്‍വകലാശാലകള്‍: സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം

കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്‍
വിദേശ  സ്വകാര്യ സര്‍വകലാശാലകള്‍: സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം

കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ നിര്‍ണ്ണായകമായ വിദേശസ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവ്യക്തത അവസാനിപ്പിച്ച് നിലപാടുകള്‍ വ്യക്തമാക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍.

കേരളത്തില്‍ നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട കടമയും ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാരിനുണ്ട്. സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍ ഇന്ന് നിലനില്‍ക്കുന്നതും തുടര്‍ച്ചയായി അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്നതുമായ അനാവശ്യമായ സര്‍ക്കാര്‍ ഉത്തരവുകളും, നിയന്ത്രണങ്ങളും നിരോധനങ്ങളും ഒഴിവാക്കി രാജ്യാന്തര കാഴ്ചപ്പാടും മത്സര ക്ഷമതയും സാമൂഹ്യബോധവുമുള്ള ഉന്നത വിദ്യാഭ്യാസ മേഖല സൃഷ്ടിക്കുന്നതിനായി സമഗ്ര മാറ്റങ്ങളും പൊളിച്ചെഴുത്തും കേരളത്തില്‍ അടിയന്തരമായി നടപ്പാക്കേണ്ടതാണ് എന്നും ഭരണഘടന ഉറപ്പാക്കുന്ന വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും സംരക്ഷിക്കപ്പെടണമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിലേക്ക് മാത്രമല്ല അന്യ സംസ്ഥാനങ്ങളിലേക്കും പഠനത്തിനും തൊഴിലിനുമായി കേരളത്തിലെ പുതുതലമുറയുടെ പറിച്ചുനടീല്‍ ഇന്ന് സജീവമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ പഠനത്തിനായി കടന്നുവരുവാന്‍ ഉതകുന്ന പദ്ധതികളും സര്‍ക്കാര്‍ ഉത്തരവുകളും ഉണ്ടാകണം. ഗവര്‍ണര്‍ ഗവണ്‍മെന്റ് പോര്‍വിളികള്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിറം കെടുത്തുന്നു. കലാലയ രാഷ്ട്രീയത്തിന്റെ അതിപ്രസരവും തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനവും മദ്യം മയക്ക് മരുന്നുകളുടെ ഉപയോഗവും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പവിത്രത നശിപ്പിച്ച് പിന്നോട്ട് അടിക്കുന്നു. പുതുതലമുറയുടെ ഭാവി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ബുദ്ധിയും കഴിവും ഉള്ളവര്‍ സംസ്ഥാനം വിടുന്നത് തിരിച്ചറിഞ്ഞ് രാജ്യാന്തര തൊഴില്‍ സാധ്യതകളുള്ള നവീന കോഴ്‌സുകളും ഗവേഷണ മേഖലയ്ക്കും സംരംഭകത്വത്തിനും മുന്‍തൂക്കം നല്‍കുന്ന പാഠ്യേരീതികളും നടപ്പാക്കുവാന്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുക്കണം.

സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമം അനുശാസിക്കുന്ന സ്വയംഭരണ അവകാശങ്ങള്‍ പൂര്‍ണമായി നല്‍കണമെന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മേഖലകളിലെ വിവിധ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്ന ജെ ബി കോശി കമ്മീഷന്‍ മുഴുവന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കൊച്ചി പാലാരിവട്ടം പി ഒ സിയി ല്‍ ചേര്‍ന്ന കേരളത്തിലെ കത്തോലിക്ക മെഡിക്കല്‍, എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍, സ്വകാര്യ / സ്വാശ്രയ / എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, നഴ്‌സിങ്, ബി. എഡ് കോളെജുകളുടെ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സംയുക്ത സമ്മേളനം കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ ബലി കഴിക്കാന്‍ ആരെയും അനുവദിക്കില്ല എന്നും ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയവും, എതിര്‍ക്കപ്പെടേണ്ടതുമാണ് എന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ത്യാഗപൂര്‍ണ്ണവും നിസ്വാര്‍ത്ഥവുമായ സേവനങ്ങളാണ് നൂറ്റാണ്ടുകളായി ക്രൈസ്തവ സമൂഹം പങ്കുവയ്ക്കുന്നത്. ഇതിനെ നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണ്. ആധുനിക കാലഘട്ടത്തിലെ ആഗോള അവസരങ്ങള്‍ കണ്ടെത്തി മത്സരിച്ചു മുന്നേറുവാനും. ആദര്‍ശ ശുദ്ധിയില്‍ അടിയുറച്ച് നിലനില്‍ക്കുവാനും പുതുതലമുറയെ പ്രാപ്തരാക്കുവാന്‍ നമുക്കാകണം. സത്യത്തിന് സാക്ഷികളായി നമ്മുടെ രാജ്യത്തോടും സമൂഹത്തോടും കടപ്പാട് ഉള്ള ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളായി ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തന നിരതരാകണമെന്നും ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു.

സമ്മേളനത്തില്‍ കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ഫാ: ജേക്കബ് ജി പാലക്കാപ്പള്ളി അധ്യക്ഷത വഹിച്ചു. കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ: ആന്റണി അറക്കല്‍, സിബിസിഐ ലൈയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍, ഫാ: ഡോ: അനില്‍ ജോര്‍ജ് സി എം ഐ, ഡോ: ജിയോ ജോസ് ഫെര്‍ണാണ്ടസ്, ഡോ: അല്‍ഫോന്‍സ വിജയ ജോസഫ്, ഫാ: ഡോ: റെജി പി.കുര്യന്‍ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. ഫാ: ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, ഫാ: ഡോ. മാര്‍ട്ടിന്‍ കെ എ, ഫാ: ഡോ. പോളച്ചന്‍ കൈത്തോട്ടുങ്കല്‍ എന്നിവര്‍ സംസാരിച്ചു

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org