
കൊച്ചി: ഊഷ്മളമായ സാമൂഹ്യാന്തരീക്ഷത്തിന് കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് പ്രധാനമാണെന്ന് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവീസ് ചിറമ്മേല്‍ പറഞ്ഞു.
കുന്നംകുളത്ത് നിന്നും എറണാകുളത്ത് വന്ന് താമസമാക്കിയ നാനൂറ് കുടുംബങ്ങളുടെ സംഘടനയായ കുന്നംകുളം ചാരിറ്റബിള്‍ സൊസൈറ്റിയുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫാദര്‍ .
കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളും തകര്‍ച്ചകളുമാണ് സാമൂഹ്യ ജീവിതത്തില്‍ പ്രതിഫലിക്കുന്നത്. ഒരു വ്യക്തിയുടെ ചിന്ത, പെരുമാറ്റം, അടിസ്ഥാന വിശ്വാസങ്ങള്‍, മൂല്യങ്ങള്‍ ഒക്കെ രൂപപ്പെടുത്തുന്നതില്‍ കുടുംബത്തിന് വലിയ പങ്കുണ്ട്. കുടുംബത്തകര്‍ച്ച വ്യക്തികളില്‍ ദുരന്തങ്ങള്‍ക്കിട വരുത്തിയേക്കാം. ലഹരി വസ്തുക്കളിലേക്കും, മറ്റ് സാമൂഹ്യ തിന്മകളിലേക്കും മനുഷ്യര്‍ വഴി മാറിപ്പോകാതിരിക്കാന്‍ കുടുംബ ബന്ധങ്ങളെ വിലകൊടുത്തു വിജയിപ്പിക്കണമെന്നും കുടുംബത്തെ ചെറിയൊരു സ്വര്‍ഗ്ഗമാക്കണമെന്നും ഫാ. ചിറമ്മേല്‍ തുടര്‍ന്നു പറഞ്ഞു.
അയ്യപ്പന്‍ കാവിലെ കുന്നംകുളം ചാരിറ്റബിള്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.ഐ ഗീവര്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി എ.എം പ്രകാശന്‍ , എ . ഐ.ഡേവിഡ്, പി സി. വര്‍ഗ്ഗീസ്, റ്റി.ഐ. ജോഷി എന്നിവര്‍ പ്രസംഗിച്ചു.
'കുടുംബം നേരിടുന്ന സമകാലീന വെല്ലുവിളികള്‍ ' എന്ന വിഷയത്തില്‍ അഡ്വ. ചാര്‍ളി പോള്‍ ക്ലാസെടുത്തു.
പ്ലസ് ടു, എസ് എസ് , എല്‍ സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മെറിറ്റ് അവാര്‍ഡുകള്‍ വിതണം ചെയ്തു. നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ സഹായവും വിതരണം ചെയ്തു. വിവിധ കലാപരിപാടികളും നടന്നു.