കുടുംബോത്സവ് 2024 : കുടുംബശാക്തീകരണ കൂട്ടായ്മ സംഘടിപ്പിച്ചു

കുടുംബോത്സവ് 2024 : കുടുംബശാക്തീകരണ കൂട്ടായ്മ സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടുംബ ശാക്തീകരണ കൂട്ടായ്മ സംഘടിപ്പിച്ചു. കുടുംബോത്സവ് 2024 എന്ന പേരില്‍ ദമ്പതികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കൂട്ടായ്മയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സമൂഹത്തിന്റെ നാനാ തുറകളെ സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച് ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ദൈവ സ്‌നേഹത്തിലും പരിപാലനയിലും ആശ്രയിച്ച് ദാമ്പത്തിക ജീവിതത്തിലും കുടുംബ ജീവിതത്തിലും മുന്നേറുവാന്‍ കഴിയണമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കുടുംബ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുവാന്‍ സ്‌നേഹവും പരിത്യാഗവും വിട്ടുകൊടുക്കുവാനുള്ള മനസ്സും ക്ഷമയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ലൈല ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. കൂട്ടായ്മയോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് ഫാമിലി കൗണ്‍സിലര്‍ ഗ്രേയ്‌സ് ലാല്‍ നേതൃത്വം നല്‍കി. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ദമ്പതികളാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. കുടുംബശാക്തീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം കുടുംബ ബന്ധങ്ങളിലെ ഊഷ്മളതയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തേടെയാണ് കുടുംബ ശാക്തീകരണ കൂട്ടായ്മ സംഘടിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org