മൂല്യബോധമുള്ള കുടുംബസംസ്കാരം രൂപപ്പെടുത്തുന്നതിൽ ചാവറ മാട്രിമണിയുടെ പങ്ക് അതുല്യം: മന്ത്രി അനൂപ് ജേക്കബ്

Chavara Matrimony’s role in shaping a family culture rooted in values ​​is unparalleled: Minister Anoop Jacob
Published on: 

പിറവം: സമൂഹത്തിൽ നന്മയും മൂല്യബോധവുമുള്ള കുടുംബസംസ്കാരം രൂപപ്പെടുത്തുന്നതിൽ ചാവറ മാട്രിമണി വഹിക്കുന്ന പങ്ക് അതുല്യമാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ചാവറ മാട്രിമണിയുടെ 33-ാമത്  ബ്രാഞ്ച്   പിറവത്ത്   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഹൃദയങ്ങളെ ചേർത്തിണക്കുക” എന്ന മഹത്തായ ആശയത്തിലൂന്നി ഉത്തമമായ ജീവിതമൂല്യങ്ങൾ പകർന്നുനൽകാൻ കഴിയുന്നതുകൊണ്ടാണ് ഈ സ്ഥാപനം മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടതെന്ന് മന്ത്രി പറഞ്ഞു. ചാവറ മാട്രിമണിയുടെ കടന്നുവരവ് പിറവം പ്രദേശത്തിന് അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആതുരശുശ്രൂഷാ, വിദ്യാഭ്യാസ മേഖലകളിൽ ആത്മാർഥതയോടും അർപ്പണബോധത്തോടും കൂടി സേവനം ചെയ്യുന്നവരാണ് സി.എം.ഐ. സഭാംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. സി.എം.ഐ. സഭയുടെ സ്ഥാപനത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തിയെന്ന നിലയിൽ സഭയുടെ സമർപ്പണവും പ്രവർത്തനശൈലിയും അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സി.എം.ഐ. വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാവറ മാട്രിമണിക്ക് എല്ലാ മേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.പിറവം നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന പിറവം വള്ളംകളിയുടെ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് നൽകുന്നതിനായുള്ള സമ്മാനത്തിൻ്റെ ചെക്ക്  ചാവറ മാട്രിമണി ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ് സി എം ഐ മന്ത്രിക്ക് കൈമാറി.

പിറവം ഹോളി കിംഗ്സ് ഫൊറോന പള്ളി വികാരി ഫാ. സിറിയക് മറ്റത്തിൽ പുതിയ ഓഫീസിന്റെ ആശീർവാദകർമം നിർവഹിച്ചു. പിറവം നഗരസഭാ ചെയർമാൻ കെ.ആർ. പ്രദീപ്, പിറവം  മാർച്ചൻറ് അസോസിയേഷൻ പ്രസിഡണ്ട്  ആൽബിൻ പാവോടത്ത് , ചാവറ മാട്രിമണി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., അസിസ്റ്റന്റ് ഡയറക്ടർ ഫാ. എമിൽ സെബാസ്റ്റ്യൻ സി.എം.ഐ., എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. അബ്രഹാം, ജനറൽ മാനേജർ ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു.

ബാങ്കോക്കിൽ നടക്കുന്ന ഒമ്പതാമത് വേൾഡ് റോക്കറ്റ് ബോൾ മീറ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമംഗങ്ങളായ അൽഫോൺസ ജോണിനെയും ആൻസി മേരിയെയും ചാവറ മാട്രിമണി ചടങ്ങിൽ അനുമോദിച്ചു. ഇരുവരുടെയും ബാങ്കോക്ക് യാത്രയുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകളും ചാവറ മാട്രിമണി വഹിക്കും. ഇതിന്റെ ഭാഗമായി മൂന്ന് ലക്ഷം രൂപയുടെ ചെക്ക് മന്ത്രി അനൂപ് ജേക്കബ് കൈമാറി. പിറവം പാണ്ടിയാലിൽ ആർക്കേഡിലാണ് പുതിയ ബ്രാഞ്ച് പ്രവർത്തിക്കുന്നത്.  

logo
Sathyadeepam Online
www.sathyadeepam.org