നാടിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് കാര്‍ഷിക സംസ്‌ക്കാരം പിന്തുടരേണ്ടത് അത്യാന്താ പേക്ഷിതം: മന്ത്രി വി.എന്‍. വാസവന്‍
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തില്‍ ആദരിച്ച കര്‍ഷകര്‍ സഹകരണ, രജിസ്‌ട്രേഷന്‍, സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി വി.എന്‍ വാസവനോടും മറ്റ് വിശിഷ്ടാതിഥികളോടുമോപ്പം.

നാടിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് കാര്‍ഷിക സംസ്‌ക്കാരം പിന്തുടരേണ്ടത് അത്യാന്താ പേക്ഷിതം: മന്ത്രി വി.എന്‍. വാസവന്‍

കെ.എസ്.എസ്.എസ് കര്‍ഷക ദിനാചരണവും മാതൃകാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു.
Published on

കോട്ടയം: നാടിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് കാര്‍ഷിക സംസ്‌ക്കാരം പിന്തുടരേണ്ടത് അത്യാന്താപേക്ഷിതമാണെന്ന് സഹകരണ, രജിസ്‌ട്രേഷന്‍, സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കര്‍ഷക ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തിന്റെയും മാതൃകാ കര്‍ഷകരെ ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചയ്ക്ക് കര്‍ഷകരെ ആദരിക്കേണ്ടതും അംഗീകരിക്കേണ്ടതും അനിവാര്യമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക സംസക്കാരം തിരികെ പിടിക്കുവാന്‍ കര്‍ഷക ദിനാചരണങ്ങള്‍ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തിന്റെ നിലനില്‍പ്പിന് കര്‍ഷക സമൂഹത്തിന്റെ പങ്ക് തിരിച്ചറിഞ്ഞ് കര്‍ഷകരെ സംരക്ഷിക്കുവാന്‍ എല്ലാത്തരത്തിലുമുള്ള പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് പടികര, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു മാത്യു, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. നിധിന്‍ പുല്ലുകാടന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് സ്വാശ്രയ സംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാതൃകാ കര്‍ഷകരെ മന്ത്രി വി.എന്‍ വാസവന്‍ ആദരിച്ചു. കിടങ്ങൂര്‍ മേഖലയിലെ ജോര്‍ജ്ജ് ജോസഫ്, ഇടയ്ക്കാട്ട് മേഖലയിലെ ലാന്‍സി കുര്യന്‍, മലങ്കര മേഖലയിലെ ബേബി സേവ്യര്‍, ഉഴവൂര്‍ മേഖലയിലെ അനില്‍ കുമാര്‍ എം.പി, ചുങ്കം മേഖലയിലെ കെ.എല്‍ ചാക്കോ, കൈപ്പുഴ മേഖലയിലെ ജോസ് അരീപ്പറമ്പ്, കടുത്തുരുത്തി മേഖലയിലെ ജോയി മുണ്ടയ്ക്കല്‍ എന്നീ കര്‍ഷകരെയാണ് ആദരിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന് കോട്ടയം ജില്ല മണ്ണ് പരിശോധന ലാബ് അസി. ഡയറക്ടര്‍ ഷേര്‍ളി സക്കറിയാസ് നേതൃത്വം നല്‍കി. കൂടാതെ കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച പാളത്തൊപ്പി നിര്‍മ്മാണ മത്സരത്തില്‍ ഉഴവൂര്‍ മേഖലയിലെ രാജന്‍ പി.ആര്‍, ഇടയ്ക്കാട്ട് മേഖലയിലെ ബൈജു കുര്യന്‍, മലങ്കര മേഖലയിലെ ബേബി സേവ്യര്‍ എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ദിനാചരണത്തില്‍ പങ്കെടുത്ത കര്‍ഷക പ്രതിനിധികള്‍ക്ക് ഏത്തവാഴ വിത്തുകളും വിതരണം ചെയ്തു.

logo
Sathyadeepam Online
www.sathyadeepam.org