കര്‍ഷകപീഡനങ്ങളും അത്മഹത്യകളും പെരുകുമ്പോള്‍ സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നു: ഇന്‍ഫാം

കൊച്ചി: കടക്കെണിയും വിലത്തകര്‍ച്ചയും ഉദ്യോഗസ്ഥ പീഡനവും ഭരണസംവിധാനങ്ങളുടെ കര്‍ഷകവിരുദ്ധ സമീപനവുംമൂലം കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ നിരന്തരം പെരുകുമ്പോള്‍ സര്‍ക്കാര്‍ നിഷ്‌ക്രിയരായി നിന്ന് ഒളിച്ചോട്ടം നടത്തുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു.

സംസ്ഥാനത്തെ കര്‍ഷകരെ സംരക്ഷിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധതയ്‌ക്കെതിരെ ശബ്ദിക്കുവാന്‍ അവകാശമില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സര്‍ഫാസി നിയമം മറയാക്കി ബാങ്കുകള്‍ കര്‍ഷകന്റെമേല്‍ സംഹാരതാണ്ഡവമാടുമ്പോഴും സര്‍ക്കാര്‍ നിശബ്ദസമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന കേരളബാങ്കും കര്‍ഷകരെ നിരന്തരം ദ്രോഹിക്കുന്നു. കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍മാത്രം ഒതുങ്ങി. കര്‍ഷകരെ മരണത്തിലേയ്ക്ക് തള്ളിവിട്ടിട്ട് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും കടംവാങ്ങി ശമ്പളം നല്‍കാന്‍ മാത്രമായി സംസ്ഥാന ഭരണസംവിധാനങ്ങള്‍ അധഃപതിച്ചിരിക്കുന്നത് ദുഃഖകരവും ജനാധിപത്യസമൂഹത്തിന് അപമാനകരവുമാണ്.

കേരളത്തിലെ ഗ്രാമീണ കര്‍ഷകരില്‍ 95 ശതമാനവും കടക്കെണിയിലാണെന്ന് സാമ്പത്തിക സര്‍വ്വേയും കാര്‍ഷിക കടാശ്വാസകമ്മീഷന്റെ റിപ്പോര്‍ട്ടുകളും വ്യക്തമാക്കിയിട്ടുണ്ട്. ചുരുങ്ങിയ നാളുകളില്‍ സംസ്ഥാനത്ത് കടക്കെണിയും ഉദ്യോഗസ്ഥ പീഡനവുംമൂലം 25 കര്‍ഷകര്‍ ജീവന്‍വെടിഞ്ഞുവെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയും പറയുന്നു. വന്യജീവി അക്രമത്തില്‍ മരണപ്പെട്ടവര്‍ നൂറിലേറെ. ജപ്തി ഭീഷണി മുഴക്കി അന്നം തരുന്ന ഗ്രാമീണ കര്‍ഷകനെ മരണത്തിലേയ്ക്ക് തള്ളിവിടുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാകണമെന്നും കര്‍ഷകനിഷേധ നിലപാടുകള്‍ക്കും വിരുദ്ധ സമീപനങ്ങള്‍ക്കുമെതിരെ കര്‍ഷകരും കര്‍ഷകപ്രസ്ഥാനങ്ങളും സംഘടിച്ചു നീങ്ങണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org