
കുടുംബത്തിന്റെ കെട്ടുറപ്പും കൂട്ടായ്മയും സമൂഹപുരോഗതിക്ക് അനിവാര്യമെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പറഞ്ഞു. കുടുംബങ്ങളില്‍ ഉചിതമായ ആശയവിനിമയവും കരുതലും കുറയുമ്പോള്‍ അസ്വസ്ഥതകളും അസമാധാനവും വര്‍ദ്ധിക്കും. പരസ്പരം ശക്തിപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനും കുടുംബത്തിലെ ഓരോ അംഗവും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊലൈഫ് സമിതിയുടെയും മരിയന്‍ സിംഗിള്‍സ് സൊസൈറ്റിയുടെയും വിധവാ സമിതിയുടെയും ബധിര മൂകര്‍ക്കായുള്ള ശുശ്രൂഷ സമിതിയുടെയും സംയുക്ത സംസ്ഥാന തല നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ആറുവര്‍ഷത്തോളം കമ്മീഷന്റെ സെക്രട്ടറിയായി സേവനം ചെയ്ത ഫാ. പോള്‍ മാടശേരിക്ക് സമ്മേളനത്തില്‍ യാത്രയയപ്പ് നല്കി. കെസിബിസി ഫാമിലി കമ്മീഷനു വേണ്ടി മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലും പ്രൊ-ലൈഫ് സമിതിക്കുവേണ്ടി പ്രസിഡന്റ് സാബു ജോസും മെമെന്റോയും സ്‌നേഹോപഹാരവും നല്കി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ഫാ. പോള്‍സണ്‍ സിമേതി, ഫാ. എ.ആര്‍. ജോണ്‍, ഫാ. തോമസ് തൈക്കാട്ട്, സിസ്റ്റര്‍ അഭയ എഫ്‌സിസി, വര്‍ഗീസ് വെള്ളാപ്പള്ളില്‍, അഡ്വ. ജോസി സേവ്യര്‍, ഷീബാ ഡുറോം എന്നിവര്‍ പ്രസംഗിച്ചു.