വിശ്വാസ ജീവിതത്തിൽ ആഴപ്പെടാൻ വിശ്വാസ പരിശീലനം അനിവാര്യം - ആർച്ച്ബിഷപ് ആന്റണി കരിയിൽ

വിശ്വാസ ജീവിതത്തിൽ ആഴപ്പെടാൻ വിശ്വാസ പരിശീലനം അനിവാര്യം - ആർച്ച്ബിഷപ് ആന്റണി കരിയിൽ

എറണാകുളം: യേശുവിനെ അടുത്തറിയാനും അനുഗമിക്കാനും വിശ്വാസ ജീവിതത്തിൽ ആഴപ്പെട്ടു വളരാനും വിശ്വാസ പരിശീലനം അനിവാര്യവും അത്യന്താപേക്ഷിതവുമാണെന്ന് എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ചുബിഷപ് മാർ ആന്റണി കരിയിൽ അഭിപ്രായപ്പെട്ടു. അതിരൂപത വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 12 വർഷക്കാലം മുടങ്ങാതെ വിശ്വാസ പരിശീലനം പൂർത്തിയാക്കിയ 14 വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ ക്രൈസ്തവ രാജ്യങ്ങളിൽ പലയിടത്തും ദേവാലയങ്ങളിൽ പോകുന്നവരുടെ എണ്ണം നാമമാത്രമാണ്. അവിടങ്ങളിൽ നമുക്ക് കുരിശുകൾ ധാരാളമായി കാണാൻ കഴിയും. എന്നാൽ കുരിശിലെ രക്ഷയെ കുറിച്ചു മനസ്സിലാക്കിയിട്ടുള്ളവർ വിരളമാണ്.

ഈ പശ്ചാത്തലത്തിലാണ് വിശ്വാസ പരിശീലനത്തിന്റെ പ്രസക്തിയെ കുറിച്ച് മനസ്സിലാക്കേണ്ടത്. നമ്മെ സംബന്ധിച്ചു വിശ്വാസത്തിൽ ആഴപ്പെടാനും അത് പരിപോഷിപ്പിക്കാനും വിശ്വാസ പരിശീലന വേദികളിലൂടെ കഴിയുന്നുണ്ട്. ചെറുപ്പം മുതലേ ലഭിക്കുന്ന പരിശീലനം നമ്മുടെ വിശ്വാസ ജീവിതത്തെ അനുദിനം ബലപ്പെടുത്തുകയാണ് - മാർ കരിയിൽ വിശദീകരിച്ചു. ഇക്കാര്യത്തിൽ അതിരൂപത മതബോധന കേന്ദ്രം ചെയ്യുന്ന സേവനങ്ങളെ അദ്ദേഹം ശ്ലാഹിച്ചു.

1 മുതൽ 12 വരെ ക്ലാസുകളിൽ മുടങ്ങാതെ എല്ലാ ഞായറാഴ്ചകളിലും പങ്കെടുത്ത അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 14 വിദ്യാർത്ഥികൾക്ക് മാർ കരിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ മാതാപിതാക്കളെയും ആദരിച്ചു.

അതിരൂപത വികാരി ജനറാൾ റവ.ഡോ. ജോസ് പുതിയേടത്ത്, വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ റവ.ഡോ. പീറ്റർ കണ്ണമ്പുഴ, അസി.ഡയറക്ടർ ഫാ. ഡിബിൻ മീമ്പത്താനത്ത് , ഫാ.പോൾ പാറേക്കാട്ടിൽ, സിസ്റ്റർ ലീമ റോസ് എസ് എ ബി എസ്, പ്രൊമോട്ടർ സജി കിഴക്കമ്പലം , വിദ്യാർത്ഥി പ്രതിനിധി ഷോൺ ഫ്രാങ്ക്ളിൻ എന്നിവർ പ്രസംഗിച്ചു.

സാബു റോൺ കോട്ടയ്ക്കൽ - മേക്കാട്, ക്രിസ്റ്റീന തോമസ് പള്ളിപ്പാട്ട് - അങ്കമാലി, ഷോൺ ഫ്രാങ്ക്ളിൻ മേട്ടക്കാട്ട് - തോപ്പിൽ, ജോപ്സി ജോയി കൊടിയൻ - ചൊവ്വര, ആൻ മരിയ ഷാജു ഞാളിയൻ - കളമ്പാട്ടുപുറം, സാന്ദ്ര ജേക്കബ് ഞാളിയൻ - കളമ്പാട്ടുപുറം, ഏയ്ഞ്ചൽ ജോബി പയ്യപ്പിള്ളി - നെട്ടിനം പള്ളി, ഇഷ്മ ഡെൻസൻ മൂലൻ - കൊരട്ടി, ജിയ ട്രീസ സണ്ണി മരക്കളത്ത് - ഒലിവ് മൗണ്ട് , ഷിൻസ് ഷൈൻ മോളത്ത് - പുത്തൻപള്ളി, ജെസ്വിൻ പൗലോസ് മണ്ടുംപാല - പുത്തൻപള്ളി, ഡെൽന ബിജു കൈതാരൻ - നീറിക്കോട്, ആൻസി അഗസ്റ്റിൻ ആലപ്പാട്ട് - ചേന്ദമംഗലം, ജസ്റ്റിൻ ആന്റണി വല്ലയിൽ - വൈക്കം എന്നീ വിദ്യാർത്ഥികളാണ് പുരസ്കാരങ്ങൾ നേടിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org