ലഹരി വിരുദ്ധ പോരാട്ടം : ചികിത്സയും പുനരധിവാസവും പ്രധാനം

കേരള മദ്യ- ലഹരി വിരുദ്ധ ഏകോപന സമിതി
Fight against drug addiction: Treatment and rehabilitation are important
Published on

കൊച്ചി: ലഹരി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ മദ്യത്തിനും, മയക്കുമരുന്നിനും കീഴ്പ്പെട്ടവർക്കുള്ള ചികിത്സാ പദ്ധതികളും പുനരധിവാസ മാർഗ്ഗങ്ങളും സജ്ജമാക്കണമെന്ന് കേരള മദ്യ- ലഹരി വിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.

ക്വിറ്റ് ലിക്കർ ഡെ ദിനാചരണത്തോടനുബന്ധിച്ച സംസ്ഥാനതലത്തിലെ ഉപവാസ ധർണ്ണ എറണാ കുളം കച്ചേരിപ്പടിഗാന്ധി സ്വക് യറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് വേട്ടയൊന്നു കൊണ്ട് മാത്രം ലഹരി പദാർത്ഥങ്ങളുടെ വ്യാപനം നിലയ്ക്കുന്നില്ല. നുള്ളി മാറ്റുംതോറും പൊട്ടിമുളയ്ക്കുന്ന വിഷച്ചെടികളുടെ വളർച്ചയാണ് ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഉണ്ടാക്കിത്തീർക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും ഇരകളായി മാറിയവരെ ചികിത്സിച്ചു രക്ഷപ്പെടുത്തിയാൽ മാത്രമേ ലഹരി ആവശ്യപ്പെടുന്നവരുടെ എണ്ണം കുറയ്ക്കാൻ സാധിക്കു.ആവശ്യക്കാരുടെ എണ്ണം കുറയ്ക്കാൻ ചികിത്സയും ബോധവത്ക്കരണവും നടക്കണം. ചികിത്സയും പുനരധിവാസ സംവിധാനങ്ങളും കേരളത്തിലെ സന്നദ്ധ സേവാ സംഘടനകളുടെ കൂടി സഹായത്തോടെ നടപ്പാക്കണം.

മദ്യ മുക്തി ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയായ ആൽക്കഹോളിക്സ് അനോണിമസ് (എ.എ) മയക്കുമരുന്നിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയായ നർക്കോട്ടിക്സ് അനോനിമസ് (എൻ.എ) തുടങ്ങിയവരുടെ സഹായവും തേടേണ്ടതുണ്ട്. രാഷ്ട്രീയ - മത -സാമൂഹ്യ സംഘടനകൾ തുടങ്ങി എല്ലാവരുടെയും കൂട്ടായ്മയും ജാഗ്രതയും ഉണ്ടായാൽ മാത്രമേ ലഹരി വിരുദ്ധ പോരാട്ടം വിജയിക്കുകയുള്ളു. മദ്യവും വിനാശകരമാണ്. അതിനെതിരെയും സർക്കാർ നിലപാട് സ്വീകരിക്കണമെന്നുംഅഡ്വ. ചാർളി പോൾ തുടർന്നു പറഞ്ഞു.

യോഗത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ഡോ .കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മദ്യ ലഹരി വിരുദ്ധ ഭാരവാഹിക ളായ ഷൈബി പാപ്പച്ചൻ, ജെയിംസ് കോറമ്പേൽ, ഹിൽട്ടൺ ചാൾസ്, കെ.കെ. വാമലോചനൻ, എം എൽ ജോസഫ്, മർക്കോസ് എബ്രാഹാം, കെ കെ സൈനബ, പി.വി സുശീല, കെ.വി ജോണി, വിജയൻ പി. മുണ്ടിയാത്ത്, ബെന്നി പൈനാടത്ത്, തോമസ് മറ്റപ്പിള്ളി,സിബി ആൻറണി, ടി. വൈ ഷിബു ഷിബു, റോയി പടയാട്ടി എന്നിവർ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org