

മദ്യവും, മാരക ലഹരികളും യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നതായും ഈ ശീലം നമ്മുടെ തലമുറയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.
കെ സി ബി സി ടെമ്പറന്‍സ് കമ്മീഷന്‍ കോട്ടയം, ചങ്ങനാശ്ശേരി അതിരൂപതകളും പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതകളും ഉള്‍പ്പെടുന്ന കോട്ടയം റീജിയന്റെയും കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ആതുര ശുശ്രൂഷാ പ്രവര്‍ത്തന മേഖലയിലെ ലഹരിവിരുദ്ധ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.
ആതുരശുശ്രൂഷാപ്രവര്‍ത്തകരും പരിശീലനം നടത്തുന്നവരും വളരെയധികം ശ്രദ്ധ നല്‍കേണ്ടതും, ബോധവല്‍ക്കരണ രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുമായ ഒരു പ്രവര്‍ത്തന മേഖലയാണിത്. മദ്യം മൂലവും രാസലഹരികള്‍ മൂലവും ഏറ്റവുമധികം ദുരന്തങ്ങളും അപകടങ്ങളും സംഭവിച്ച് അത്രയേറെ ആളുകള്‍ ആതുരാലയങ്ങളിലേക്ക് എത്തുമ്പോള്‍ പരിചരിക്കുന്നവരാണ് നിങ്ങള്‍.
നിങ്ങള്‍ക്കറിയാം ലഹരിയുടെ ഭീകരത എത്രമാത്രമുണ്ടെന്ന്, എം.എല്‍.എ. ഓര്‍മ്മിപ്പിച്ചു. ലഹരിവിരുദ്ധ പ്രവര്‍ത്തനത്തില്‍ കേരള സഭ നടത്തുന്നത് ഏറ്റവും അളവറ്റ പ്രശംസനീയവും, ജീവകാരുണ്യ പ്രവര്‍ത്തനവുമാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു.