
കൊച്ചി: ആഗോള താപനത്തിൻ്റെ ദുരിതങ്ങൾക്കെതിരെ ഓരോ വ്യക്തിക്കും നടപ്പാക്കാവുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ പ്രതികരണമാണ് ചെടികൾ നട്ടുപിടിപ്പിക്കുന്നതെന്ന് ഇടപ്പള്ളി ഫൊറോനാ വികാരി ഫാ. ആൻ്റണി മഠത്തുംപടി അഭിപ്രായപ്പെട്ടു. എറണാകുളം- അങ്കമാലി അതിരൂപതാ വിശ്വാസപരിശീലന വിദ്യാർത്ഥികളുടെ പരിസ്ഥിതി സംരക്ഷണ പരിശീലന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു കൊണ്ട് ഇടപ്പള്ളി പള്ളിയിൽ സംഘടിപ്പിച്ച പരിസ്ഥിതി ഞായർ ആചരണത്തിൻ്റെയും മരം നടീലിൻ്റേയും അതിരൂപതാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസപരിശീലന വിഭാഗം ഡയറക്ടർ ഫാ.പോൾ മോറേലി, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തു വെള്ളിൽ എന്നിവർ പങ്കെടുത്തു. അതിരുപതാ വിശ്വാസപരിശീലന കേന്ദ്രത്തിൻ്റേയും സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടേയും നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ഞായർ ആചരണത്തിൽ
297 യൂണിറ്റുകളിൽ അറുപതിനായിരത്തിലേറെ വിദ്യാർത്ഥികളുടെയും വിശ്വാസപരിശീലകരുടേയും മാതാപിതാക്കളുടെ പ്രതിനിധികളുടേയും സാന്നിധ്യത്തിൽ മാംഗോസ്റ്റീൻ തൈകൾ നട്ടു. പരിസ്ഥിതി സംരക്ഷണം പ്രത്യേക പാഠപുസ്തകമായി പഠിക്കുന്ന ആറാം ക്‌ളാസിലെ വിശ്വാസപരിശീലന വിദ്യാർഥികളുടെ പരിസ്ഥിതി സംരക്ഷണ പ്രായോഗിക പ്രവർത്തനങ്ങൾക്കും തുടക്കമായി.
വിശ്വാസപരിശീലനത്തിനൊപ്പം കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വളർത്തുക, വീടുകളിൽ പൂന്തോട്ടങ്ങൾ, പച്ചക്കറിത്തോട്ടങ്ങൾ എന്നിവ പരിപാലിക്കുക, കുട്ടിക്കാലം മുതൽ കാർഷികപ്രവർത്തനങ്ങളോട് ആഭിമുഖ്യം വളർത്തുക, ശാസ്ത്രീയമായ മാലിന്യസംസ്കരണം ശീലമാക്കുക, ആഗോളതാപനത്തെക്കുറിച്ചും
അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും കുട്ടികളെയും മാതാപിതാക്കളെയും ബോധവാന്മാരാക്കി ജീവിതശൈലി പുന:ക്രമീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിശ്വാസപരിശീലനത്തിന്റെ ഭാഗമായി പരിസ്ഥിതി പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതെന്ന് വിശ്വാസ പരിശീലന വിഭാഗം ഡയറക്ടർ ഫാ. പോൾ മോറേലി , സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ എന്നിവർ അറിയിച്ചു.