
വൈറ്റില: എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഭൂമിക്ക് കുളിർമയേകുന്ന പ്രകൃതിയെയും, മനുഷ്യർക്ക് തണലേകുന്ന വൃക്ഷങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണെന്ന് കൊച്ചി നഗരസഭ കൗൺസിലർ സക്കീർ തമ്മനം അഭിപ്രായപ്പെട്ടു.
സക്കീർ തമ്മനം, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ജയശ്രീ നാരായണൻ എന്നിവർ ചേർന്ന് അഞ്ചുമുറി ഓട്ടോ സ്റ്റാൻഡിന്റെ പരിസരത്തു വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു.
കാലാവസ്ഥ വ്യതിയാനങ്ങളും, അപ്രതീക്ഷിതമായി കടന്നുവരുന്ന ദുരന്തങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പങ്ക് വളരെ വലുതാണെന്നും സഹൃദയയുടെ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹാർദ്ദപരമായി മുന്നോട്ടുകൊണ്ടുപോകുമെന്നും സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.
സഹൃദയയുടെ നേതൃത്വത്തിൽ 316 വില്ലേജുകളിലായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വൃക്ഷത്തൈകൾ നടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി,സി. ജൂലി സി. ആൻജോ, ബ്ര. പീറ്റുവിൻ, കെ. ഓ മാത്യൂസ്, സി.ജെ പ്രവീൺ, ജിബിൻ ബേബി, വിപിൻ, അഞ്ചുമുറി ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.