കുടുംബ മൂല്യങ്ങളുടെ മഹത്വവും കൂടിച്ചേരലുകളുടെ സൗന്ദര്യവും ഊട്ടി ഉറപ്പിക്കുന്നത് വയോജനങ്ങള്‍ - മന്ത്രി അഡ്വ. മോന്‍സ് ജോസഫ്

ഗ്രാന്റ് പേരന്റ്‌സ് ഡേ ആചരണം സംഘടിപ്പിച്ചു
The elderly are reinforcing the greatness of family values ​​and the beauty of gatherings - Minister Adv. Mons Joseph
Published on

കോട്ടയം: കുടുംബ മൂല്യങ്ങളുടെ മഹത്വവും കൂടിച്ചേരലുകളുടെ സൗന്ദര്യവും ഊട്ടി ഉറപ്പിക്കുന്നത് വയോജനങ്ങളാണെന്ന് ജലവിഭവ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ്. കോട്ടയം അതിരൂപതയിലെ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പള്ളിയുടെയും ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ കിടങ്ങൂര്‍ ഫൊറോനാ സമതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ഗ്രാന്റ് പേരന്റ്‌സ് ഡേ ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കളുടെ ത്യാഗ പൂര്‍ണ്ണമായ സഹനവും കരുതലും ചേര്‍ത്ത് പിടിക്കലുമാണ് പുതുതലമുറയുടെ വളര്‍ച്ചയുടെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കൂട്ടുകുടുംബ സംസ്‌ക്കാരത്തില്‍ നിന്നും അണുകുടുംബ സംസ്‌ക്കാരത്തിലേക്ക് സമൂഹം മാറിയെങ്കിലും പഴമയെ കേള്‍ക്കുവാനും ചേര്‍ത്ത് പിടിക്കുവാനും പുതുതലമുറയ്ക്ക് കഴിയുമ്പോഴാണ് സാംസ്‌ക്കാരിക ഉന്നതിയുള്ള സമൂഹമായി നാം മാറുന്നതെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വയോജന ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത് കാലിക പ്രസക്തമായ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. തോമസ് ആനിമൂട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കിടങ്ങൂര്‍ ഫൊറോന വികാരി റവ. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറും പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളി വികാരിയുമായ റവ. ഫാ. സുനില്‍ പെരുമാനൂര്‍, കെ.സി.ഡബ്‌ളിയൂ.എ കിടങ്ങൂര്‍ ഫൊറോന ചാപ്ലൈന്‍ റവ. ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍, കെ.സി.ഡബ്‌ളിയൂ.എ കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ് ഷൈജ കെ. ജോണ്‍, കെ.സി.ഡബ്‌ളിയൂ.എ പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ഷൈല ഷാജി എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബ ശാക്തീകരണ സെമിനാറിന് ഫാമിലി കൗണ്‍സിലര്‍ ഡോ. ഗ്രേസ് ലാല്‍ നേതൃത്വം നല്‍കി. ദിനാചരണത്തോടനബന്ധിച്ച് കിടങ്ങൂര്‍ ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായുള്ള മുന്നൂറോളം വയോജനങ്ങളെ ആദരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org