

അങ്കമാലി: “അക്ഷരം പഠിപ്പിച്ചു; മനുഷ്യനാകാൻ പഠിപ്പിച്ചുവോ? തൂഫാനിൽ എത്തിനിൽക്കുന്ന സാക്ഷര കേരളം” എന്ന പ്രമേയത്തിൽ സെപ്റ്റംബർ 9 ബുധനാഴ്ച വൈകിട്ട് 6 മുതൽ 8 വരെ സുബോധനയിൽ സത്‌സംഘം നടന്നു. കാത്തലിക് ടീച്ചേഴ്സ് ഗിൽഡുമായി സഹകരിച്ച് സുബോധന സംഘടിപ്പിച്ച പരിപാടിക്ക് ഡയറക്ടർ ഫാ. ഡോ. ജോസഫ് പാത്താടൻ നേതൃത്വം നൽകി.
തൊടുപുഴ ന്യൂമാൻ കോളേജിലെ ഡോ. സിസ്റ്റർ നോയൽ റോസ് സി.എം.സി. “ആധുനിക വിദ്യാഭ്യാസത്തിന്റെ അളവുകോൽ — പഠനമികവോ, നൈപുണ്യവികസനമോ, അതോ മനുഷ്യത്വരൂപീകരണമോ?” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വിദ്യാർഥി പ്രതിനിധി ജോനാഥൻ വി. പീറ്റർ പ്രതികരിച്ചു. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ഡോ. ശിവാനി ഇ. ദിവാകരൻ “ആധുനിക വിദ്യാഭ്യാസം: വിപണിയുടെ ഉൽപ്പന്നമോ, അതോ പൗരബോധത്തിന്റെ അടിത്തറയോ?” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. രക്ഷിതാവിന്റെ കാഴ്ചപ്പാടിൽ ശ്രീ. വിജയ് പി. ജോയി പ്രതികരിച്ചു.
അഡ്വ. ലിറ്റോ പാലത്തിങ്കൽ മോഡറേറ്ററായിരുന്നു. അധ്യാപകൻ, വിദ്യാർഥി, രക്ഷിതാവ് എന്നീ കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട സംവാദം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, മൂല്യബോധം, മനുഷ്യരൂപീകരണം, ഉത്തരവാദിത്തമുള്ള പൗരത്വം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കി. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധി ജീബ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.