

തൃശ്ശൂര്‍: 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ആദ്യമായി ക്രിസ്തുവിനെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാനുപകരിക്കുന്നവിധം സാമൂഹ്യസമ്പര്‍ക്കമാധ്യമങ്ങളും നാടകം, സിനിമ, നിശ്ചല ദൃശ്യങ്ങള്‍, സംഗീതം, നൃത്തം തുടങ്ങിയവയിലൂടെയും ബൃഹത്തായ 3 സ്റ്റേജുകളിലായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നൂറിലധികം സ്ത്രീ-പുരുഷന്മാരേയും കുട്ടികളേയും അണിനിരത്തി 1982 നവംബര്‍ 12 മുതല്‍ 27 വരെ തൃശൂര്‍ രൂപത സി.എല്‍.സി.യുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച 'എച്ചേ ഹോമോ' - 'ഇതാ മനുഷ്യന്‍' എന്ന അവതരണത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരുടെ 2023 നവംബറില്‍ രൂപീകൃതമായ കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികം തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ പാട്ടും നൃത്തവും കലാപരിപാടികളും അനുഭവം പങ്കുവെക്കലും മറ്റുമായി നടത്തി. ഡോ. സി.കെ. തോമസാണ് സംവിധാനം ചെയ്തത്. നാടകത്തിന്റെ രചന നിര്‍വ്വഹിച്ചത് ഫാ. ചാക്കോ എടയാലും ജോണി അന്തിക്കാടുമായിരുന്നു.
കഴിഞ്ഞ വര്‍ഷം നിര്യാതരായ കലാകാരന്മാരുടെ നിര്യാണത്തില്‍ ഹെന്റ്‌റി ഫ്രാന്‍സീസ് സ്മരണാഞ്ജലി അര്‍പ്പിച്ചു. അന്നത്തെ രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ പേരൂട്ടില്‍ ആമുഖപ്രഭാഷണം നടത്തി. അന്നത്തെ സി.എല്‍.സി. ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ ചിറ്റിലപ്പിള്ളി അനുഗ്രഹപ്രഭാഷണം നടത്തി. മോളി പീറ്റര്‍ അധ്യക്ഷത വഹിച്ചു. നാടകഡയറക്ടര്‍ ഡോ. സി.കെ. തോമസ്, ഡോ. കലാമണ്ഡലം ജോണ്‍, സിസ്റ്റര്‍ ലൈസ ജെയ്‌സണ്‍, ബേബി മൂക്കന്‍, ഒ.ഡി. വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.
കെ.വി. ജോസ് സ്വാഗതം പറഞ്ഞു. നാടകത്തിലെ മൂന്നു ഗാനങ്ങള്‍ റോയ് ജെയ്ക്കബിന്റെ നേതൃത്വത്തില്‍ പുനരാവിഷ്‌കരിച്ചു.
പി.ഡി. പൗലോസ്, വി.സി. ജോസ്, ഹെന്റ്‌റി ഫ്രാൻസിസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ലത പി. ചാക്കോ കവിതയും ലത & പാര്‍ട്ടി 'പൂമഴ പെയ്യുന്ന യാമം' എന്ന സമൂഹനൃത്തവും അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ഫോട്ടോയും സ്‌നേഹവിരുന്നും നടത്തി. പിന്നീട് വി.സി. ജോസ് & ടീം അവതരിപ്പിച്ച 'വെള്ളിനക്ഷത്രങ്ങള്‍' നാടകവും ലത & ടീം അവതരിപ്പിച്ച 'വചനം വാനില്‍ താരം' എന്ന നൃത്തശില്പവും ഉണ്ടായിരുന്നു. ആന്റോ പോള്‍ നന്ദി പറഞ്ഞു.
ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആന്റോ പോളിനേയും 'കരിവീട്ടി' ഏകപാത്ര നാടകം 101 വേദിയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയ പി.ഡി. പൗലോസിനെയും യോഗം അനുമോദിച്ചു. നാടകാവതരണത്തോടനു ബന്ധിച്ച് 1982-ല്‍ പ്രസിദ്ധീകരിച്ച സപ്ലിമെന്റ് അന്നത്തെ പബ്ലിസിറ്റി കണ്‍വീനര്‍ കൂടിയായ ബേബി മൂക്കന്‍ എല്ലാവര്‍ക്കും വിതരണം ചെയ്തു. പരിപാടികള്‍ക്ക് ജോസ് വാഴപ്പിള്ളി, ആന്റോ പയ്യപ്പിള്ളി, കെ.പി. ജോയ്, ടി.ഒ. വത്സന്‍, തോമസ് തോലത്ത്, പി.ഡി. പൗലോസ്, മേരീസ് വിത്സന്‍, സ്റ്റാന്‍ലി പി. ജോസഫ്, ഫ്‌ളോറിയ ആന്റോ തുടങ്ങിയവര്‍ നേതൃത്വം നല്കി.