പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നതാകരുത് വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നയങ്ങളും

Published on

കേരളത്തിലെ ഭൂരിഭാഗം കൃഷിക്കാരും മത്സ്യ തൊഴിലാളികളുമുള്‍പ്പെടെയുള്ള മലയോരതീരദേശ നിവാസികള്‍ നാളുകളേറെയായി സമരമുഖത്താണ്. ESZ, ബഫര്‍ സോണ്‍ പോലെയുള്ള അശാസ്ത്രീയമായ വനവത്കരണനയങ്ങള്‍, കൃഷിയിടങ്ങളിലേക്കുള്ള കാട്ടുമൃഗങ്ങളുടെ കടന്നുകയറ്റം, വനം വകുപ്പിന്റെ ജനവിരുദ്ധ സമീപനങ്ങള്‍, ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തത് തുടങ്ങിയവയെല്ലാം കേരളത്തിലെമ്പാടുമുള്ള കൃഷിക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. അശാസ്ത്രീയമായ തുറമുഖ നിര്‍മാണങ്ങളാലും ഖനന പ്രവര്‍ത്തനങ്ങളാലും, തീര സംരക്ഷണ മാര്‍ഗങ്ങളുടെ അഭാവങ്ങളാലും തീരപ്രദേശങ്ങള്‍ കടലെടുക്കുന്നത് മൂലവും, മത്സ്യബന്ധന രംഗത്തെ പ്രതിസന്ധികള്‍ മൂലവും കേരളത്തിലെ തീരദേശ മേഖലകളിലെ ജനങ്ങളും അനുഭവിക്കുന്ന വെല്ലുവിളികള്‍ അതീവഗുരുതരമാണ്.

ജനവിരുദ്ധ സമീപനങ്ങള്‍ മൂലം തീരപ്രദേശങ്ങളില്‍ നിന്നും, സംരക്ഷിത വനമേഖലകളുടെ സമീപപ്രദേശങ്ങളില്‍ നിന്നും ജനത്തെ കുടിയിറക്കലിന് നിര്‍ബ്ബന്ധിതരാക്കാമെന്ന വ്യാമോഹം ഉദ്യോഗസ്ഥ തലങ്ങളിലും കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ തലങ്ങളിലും ഉണ്ടോ എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ ഉണ്ട്. വര്‍ഷങ്ങളായുള്ള വാഗ്ദാനങ്ങള്‍ ഇനിയും നിറവേറ്റപ്പെടുകയോ പ്രശ്‌നപരിഹാരത്തിന് മാര്‍ഗ്ഗങ്ങള്‍ തേടുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല ഓരോ വര്‍ഷം കഴിയും തോറും പ്രശ്‌നങ്ങള്‍ ഗുരുതരമാകുകയും ചെയ്യുന്നു എന്നതാണ് വാസ്തവം.

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്കിയിട്ടുണ്ടെങ്കിലും, ഈ വിഷയം ദോഷകരമായി ബാധിക്കുന്ന ജനങ്ങളുടെ വിവരം ശേഖരിക്കാനോ, വനാതിര്‍ത്തി നിജപ്പെടുത്താനോ ശ്രമിച്ചിട്ടില്ല എന്നത് സര്‍ക്കാരിന്റെ അലംഭാവത്തെ തുറന്നുകാണിക്കുന്നു. കടല്‍ ക്ഷോഭത്തെ അതിജീവിക്കാന്‍ ഫലപ്രദമായ സുരക്ഷാ മാര്‍ഗങ്ങള്‍ നടപ്പിലാക്കുമെന്ന വാഗ്ദാനങ്ങള്‍ ചെല്ലാനം പോലെയുള്ളയിടങ്ങളില്‍ ഭാഗികമായി മാത്രം നടപ്പിലാക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ അത്തരം ശ്രമങ്ങള്‍ ഒട്ടും തന്നെ ഉണ്ടായിട്ടില്ല എന്നത് ഗുരുതരമായ കൃത്യവിലോപമാണ്. മാത്രവുമല്ല, തുറമുഖ വികസനത്തിന്റെ പേരിലുള്ള അധിനിവേശ ശ്രമങ്ങള്‍ സാധാരണക്കാരുടെ ജീവനും സ്വത്തിനും ഒരു വിലയും കല്‍പ്പിക്കാത്ത വിധത്തിലുള്ളതുമാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടനുബന്ധിച്ച് തദ്ദേശീയരുടെ ആശങ്കങ്ങള്‍ പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് ജനാധിപത്യത്തിന് തന്നെ അപമാനകരമാണ്.

കേരള ജനസംഖ്യയുടെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന തീരദേശ കാര്‍ഷിക മേഖലകളിലെ ജനങ്ങളുടെ അതിജീവന പോരാട്ടങ്ങളോട് അനുകൂല സമീപനം സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി തയ്യാറാകണം. പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശ്യമില്ലാത്ത വാഗ്ദാനങ്ങള്‍ നല്കി ജനത്തെ ഇനിയും കബളിപ്പിക്കാമെന്ന് കരുതുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്കാനുള്ള സര്‍ക്കാരിന്റെ പ്രാഥമികമായ കടമയെങ്കിലും പൂര്‍ണ്ണതയോടെ നിറവേറ്റണം എന്ന് അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം അതിജീവന പോരാട്ടം നടത്തുന്ന ജനങ്ങള്‍ക്ക് കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍ പിന്തുണ അറിയിക്കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org