ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു
Published on

കോട്ടയം: ഡിസംബര്‍ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സാമൂഹിക പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ കെട്ടിപ്പെടുക്കുക എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം അതിരൂപത വികാരി ജനറാളും കെ എസ് എസ് എസ് പ്രസിഡന്റുമായ വെരി റവ. ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വഹിച്ചു.

സമൂഹത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് തുല്യപരിഗണന നല്‍കുന്നതോടൊപ്പം അവരുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഉതകുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ എസ് എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ സിസ്റ്റര്‍ ജോയ്‌സി എസ് വി എം, സി ബി ആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തോടൊപ്പം തുല്യതയും ഉറപ്പുവരുത്തുക എന്ന സന്ദേശവുമായി ഭിന്നശേഷിയുള്ള കുട്ടികളേയും മാതാപിതാക്കളേയും പരിശീലകരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലിയോടുകൂടിയാണ് ദിനാചരണത്തിന് തുടക്കമായത്. കൂടാതെ ബോധവല്‍ക്കരണ ക്ലാസും വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തപ്പെട്ടു. ഭിന്നശേഷിയുള്ളവര്‍ക്കായി 1997 മുതല്‍ കെ എസ് എസ് എസ് തുടക്കം കുറിച്ച സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദിനാചരണത്തിന് കെ എസ് എസ് എസ് സി ബി ആര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org