
കൊച്ചി: മലയാളഭാഷയുടെ സംസ്‌കാരികപഠനത്തിനും ഗവേഷണത്തിനും അതുല്യമായ സംഭാവനകള്‍ നല്‍കിയ ഭാഷാപണ്ഡിതനെയാണ് ഡോക്ടര്‍ സ്‌കറിയ സക്കറിയ കരിക്കംപള്ളിയിലിന്റെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമായതെന്ന് കേരള കത്തോലിക്കാമെത്രാന്‍ സമതിക്കുവേണ്ടി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു
ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍, മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും തുടങ്ങിയ രചനകള്‍തന്നെ അദ്ദേഹം സഞ്ചരിച്ച മലയാളഭാഷയുടെ ചരിത്രവഴികളുടെ നിദര്‍ശനങ്ങളാണ്. ജര്‍മ്മനിയിലെ ട്യൂബിങ്ങന്‍ സര്‍വകലാശാലയില്‍ വച്ച് നടത്തിയ ഗവേഷണങ്ങളില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളഭാഷയ്ക്കു നല്‍കിയ സംഭാവനകളെ തിരിച്ചറിയുക മാത്രമല്ല, അവ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുവാനും ഈ ഭാഷാപണ്ഡിതനു കഴിഞ്ഞുവെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.