കൊച്ചി: നാടകവേദിയിൽ ഇന്ന് കാണുന്ന പരിവർത്തനത്തിന് കാരണം പി. ജെ. ആന്റണി യാണെന്ന് മുൻ എം. എൽ. എ യും നാടക പ്രവർത്തകനുമായ ജോൺ ഫെർണാണ്ടസ് അഭിപ്രയപ്പെട്ടു.
ചാവറ കൾച്ചറൽ സെന്ററും വിശ്വം ആർട്സും സംയുക്ത മായി സംഘടിപ്പിച്ച ലോക നാടകദിനാചരണവും പി. ജെ ആന്റണി അനുസ്മരണവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം. സമൂഹത്തിൽ നിലനിന്നിരുന്ന വ്യവസ്ഥിതികളോടും അതിലെ നെറികേടുകൾക്കുമേതിരെയാണ് പി ജെ ആന്റണി കലഹിച്ചിട്ടുള്ളതെന്നും, നാടകചരിത്രം കൊച്ചിയിൽ നിന്നുമാണ് ആരംഭിക്കുന്നതെന്നും അതിന് തുടക്കം കുറിച്ചത് വി. എസ് ആൻഡ്രൂസ് ആണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. പി. ജെ.
ആന്റണി ഒരു ക്രാന്ത ദർശിയായിരുന്നു, ഓരോ കാലഘട്ടം കഴിയുമ്പോഴും അദ്ദേഹത്തിന്റെ നാടകത്തിന്റെ മൂല്യം വർധിച്ചു വരികയാണെന്നും അനുസ്മരണ പ്രഭാഷണം നടത്തികൊണ്ട് ശ്രീമൂലനഗരം മോഹൻ അഭിപ്രായപ്പെട്ടു.ഓൾ ഇന്ത്യ റേഡിയോ തിരുവനന്തപുരം മുൻ ഡയറക്ടർ കെ. എ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., പി. ജെ. ആന്റണിയുടെ മകൾ എലിസബത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് മൂഷിക സ്ത്രീ എന്ന നാടകത്തിന്റെ ശബ്ദാവിഷ്കാരവും ഉണ്ടായിരുന്നു. ഷാനവാസ് എ. എച്ച്, പി. ഡി. ഡേവിസ്, ആന്റണി കെ. എഫ്, രാജീവ് പി. കെ., ദിനേശൻ സി. വി., വാസുദേവൻ എസ്., ലത കെ. വി, .രാജേശ്വരി കെ. കെ., ലീല കെ. വി എന്നിവർ ശബ്ദം നൽകി.