കുട്ടികള്‍ യേശുവിന്‍റെ മനോഭാവം സ്വീകരിക്കണം -ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

കുട്ടികള്‍ യേശുവിന്‍റെ മനോഭാവം സ്വീകരിക്കണം -ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

മാവേലിക്കര: കുട്ടികള്‍ യേശു ജീവിതത്തില്‍ പുലര്‍ത്തിയ മനോഭാവത്തോടെ തങ്ങളുടെ പഠനകാലഘട്ടം പൂര്‍ത്തീകരിക്കണമെന്ന് മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. കെസിഎസ്എല്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കറ്റാനം പോപ്പ് പയസ്തക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന "വീ ഫോര്‍ ക്രൈസ്റ്റ് വി ഫോര്‍ ഫെയ്ത്ത്" പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കാലഘട്ടത്തിലെ സാമൂഹ്യാന്തരീക്ഷവും നവമാധ്യമ സംസ്കാരവുമെല്ലാം വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ വിശ്വാസസംരക്ഷണം അവകാശവും കടമയുമാണെന്ന് പിതാവ് അഭിപ്രായപ്പെട്ടു. വിശുദ്ധ കുര്‍ബാനയില്‍ അധിഷ്ഠിതമായ ജീവിതശൈലി സ്വീകരിച്ച് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുവിന്‍റെ വഴിയെ ചരിക്കാനുള്ള പരിശീലനം കെസിഎസ്എല്‍ സംഘടന നല്കുന്നത് അഭിനന്ദാര്‍ഹമാണ്. കൂദാശകളും ക്രൈസ്തവവിശ്വാസവും അവഹേളിക്കപ്പെടുന്ന ഈ കാലഘട്ടം കുട്ടികളുടെ പരിശീലനം സഭാനേതൃത്വം അതീവ ഗൗരവത്തോടെ കാണുന്നു. കെസിഎസ്എല്‍ കേരളത്തിലെ കത്തോലിക്കാ വിദ്യാര്‍ത്ഥികളില്‍ കഴിഞ്ഞ 104 വര്‍ഷങ്ങളായി നല്കുന്ന വിശ്വാസബോധ്യങ്ങള്‍ സഭ വിലമതിക്കുന്നു എന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

കെസിഎസ്എല്‍ സംസ്ഥാന പ്രസിഡന്‍റ് മാത്തുക്കുട്ടി കുത്തനാപ്പള്ളില്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ഡയറക്ടര്‍ ഫാ. തോംസണ്‍ പഴയ ചിറപീടികയില്‍ ആമുഖ സന്ദേശം നല്കി. മാവേലിക്കര രൂപതാ കെസിഎസ്എല്‍ ഡയറക്ടര്‍ ഫാ. ജോസഫ് പടിപ്പുര സ്വാഗതവും സംസ്ഥാന ഓര്‍ഗനൈസര്‍ സിറിയക് നരിതൂക്കില്‍ കൃതജ്ഞതയും അര്‍പ്പിച്ചു. സംസ്ഥാന ചെയര്‍മാന്‍ മാസ്റ്റര്‍ ആന്‍റണി എല്‍ഡ്രിന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഡെയ്സി എസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനോജ് ചാക്കോ, ഷാജു എ. തോമസ്, സി. മോളി ദേവസ്സി, മിനി ബാബു എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org