ക്രിസ്തീയവിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമെതിരായ നിയമനിര്‍മാണങ്ങളും മറ്റും ഏര്‍പ്പെടുത്തി കൊണ്ട് വിവാഹജീവിതത്തിന്റെ പവിത്രത നഷ്ടപ്പെടുത്തരുതെന്ന് കെ.സി.ബി.സി. ഫാമിലി കമ്മീഷന്റെയും പ്രോ-ലൈഫ് സമിതിയുടെയും ചെയര്‍മാന്‍ ബിഷപ്പ് പോള്‍ ആന്റണി മുല്ലശേരി അഭിപ്രായപ്പെട്ടു.
കെ.സി.ബി.സി പ്രോലൈഫ് സംസ്ഥാന സമിതിയുടെ എക്‌സിക്യൂട്ടിവ് യോഗത്തിനിടയിലാണ് അദ്ദേഹം തന്റെ ആശങ്കകള്‍ പങ്കുവച്ചത്. ക്രൈസ്തവ കുടുംബങ്ങളുടെ വിശ്വാസപരവും ധാര്‍മ്മികവുമായ കാര്യങ്ങളെ പരിഹസിക്കുന്ന രീതിയില്‍ പൊതുസമൂഹത്തിലും ആധുനിക മാദ്ധ്യമങ്ങളിലും അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് അഭിലഷണീയമല്ല. ഉത്തരവാദിത്വപരമായ രക്ഷകര്‍തൃത്വമെന്നത് ഒരു കുട്ടി മതിയെന്ന് ചിന്തിക്കുന്നതാണെന്ന തെറ്റിദ്ധാരണ പൊതുവെ പ്രകടമായിരിക്കുന്നു. ലഹരിയുടെ ഉപയോഗം മൂലം ക്രൈസ്തവരുടെ ചിന്താശക്തിയും പ്രാര്‍ത്ഥനാശക്തിയും തകരുന്നു. ഈ മേഖലകളില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ ശക്തമായി മുന്നോട്ടുവരണമെന്നും ബിഷപ്പ് പോള്‍ ആന്റണി മുല്ലശേരി ആഹ്വാനം ചെയ്തു.
യോഗത്തില്‍ കെ.സി.ബി.സി. പ്രോലെഫ് സംസ്ഥാന സമിതിയുടെ മുന്‍ ഡയറക്ടര്‍ ഫാ. പോള്‍ സന്‍ സീമേന്തിയും പുതിയ ഡയറക്ടറായ ഫാ. ക്ലീറ്റസ് വര്‍ഗീസ് ഉം പങ്കെടുത്തു.
പ്രസിഡണ്ട് ജോണ്‍സണ്‍ ചൂരേപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജന. സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ടോമി പ്ലാത്തോട്ടം കണക്കുകളും അവതരിപ്പിച്ചു. ആനിമേറ്റര്‍ ജോര്‍ജ് എഫ് സേവ്യാര്‍-ന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ശ്രീ. ഫ്രാന്‍സീസ് ജെ ആരാടന്‍ സ്വാഗതവും സെമിലി ആന്റോസ് നന്ദിയും പറഞ്ഞു. മാര്‍ച്ച് 25 ലെ പ്രോലൈഫ് ദിനാചരണം കൊല്ലത്ത് വച്ച് നടത്തുന്നതിനും 1990 മുതല്‍ വിവാഹിതരായതും 4 ഉം അതില്‍ കൂടുതല്‍ മക്കളുള്ളതുമായ കുടുംബങ്ങളുടെ രൂപതാ തലത്തിലുള്ള കണക്കുകള്‍ ശേഖരിക്കാനും യോഗം തീരുമാനമെടുത്തു.