പരിസ്ഥിതിലോല അന്തിമ വിജ്ഞാപനം ജനങ്ങളെ ശ്രവിക്കാതെ പ്രഖ്യാപിക്കരുത്: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Published on

കൊച്ചി: പശ്ചിമഘട്ടത്തിലെ ജനങ്ങളെ ശ്രവിക്കാതെ കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതിലോല അന്തിമവിജ്ഞാപനം പ്രഖ്യാപിക്കരുതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
നിലവിലുള്ള കരട് വിജ്ഞാപനത്തിന്റെ കാലാവധി ഡിസംബര്‍ 31ന് കഴിയുമ്പോള്‍ പുതിയ കരടുവിജ്ഞാപനമിറക്കി തദ്ദേശവാസികളെ ശ്രവിച്ച് ആശങ്കകളകറ്റണം. ജനവാസകേന്ദ്രങ്ങളും, കൃഷിയിടങ്ങളും, തോട്ടങ്ങളും ഒഴിവാക്കി മാത്രമേ അന്തിമവിജ്ഞാപനം ഇറക്കാവൂ. കേരളത്തിലെ ആകെ വനവിസ്തൃതി 92 വില്ലേജുകളില്‍ മാത്രമാണെന്നുള്ള കണക്ക് വിരോധാഭാസമാണെന്നും വില്ലേജുകളെ റവന്യു വില്ലേജുകളെന്നും, ഫോറസ്റ്റ് വില്ലേജുകളെന്നും അടിയന്തരമായി വിഭജിക്കണമെന്നും സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
31 വില്ലേജുകളിലെ 1337.24 ചതുരശ്രകിലോമീറ്റര്‍ പ്രദേശം നോണ്‍ കോര്‍ മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കവും അംഗീകരിക്കാനാവില്ല. പ്രശ്‌നബാധിതമേഖലയിലെ ജനങ്ങളുമായി ചര്‍ച്ചചെയ്യാനോ വിശ്വാസത്തിലെടുക്കാനോ തയ്യാറാകാതെ ഉദ്യോഗസ്ഥ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് സൂചിപ്പിച്ചു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന വൈസ്ചെയര്‍മാന്‍ മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. ദേശീയ കോര്‍ഡിനേറ്റര്‍ ബിജു കെ.വി, സൗത്ത് ഇന്ത്യന്‍ കോഡിനേറ്റര്‍ പി.ടി ജോണ്‍, സംസ്ഥാന വൈസ് ചെയര്‍മാന്മാരായ ഫാ. ജോസഫ് കാവനാടിയില്‍, ഡിജോ കാപ്പന്‍, ബേബി സക്കറിയാസ,് കണ്‍വീനര്‍മാരായ ജോയി കണ്ണംചിറ, രാജു സേവ്യര്‍, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയില്‍, ജെന്നറ്റ് മാത്യു, മനു ജോസഫ്, അഡ്വ പി.പി ജോസഫ്, അഡ്വ. ജോണ്‍ ജോസഫ്, വിവിധ കര്‍ഷകസംഘടനാ നേതാക്കളായ ടോമിച്ചന്‍ ഐക്കര, ജോയി കൈതാരം തൃശൂര്‍, ജോസ് മാത്യു ആനിത്തോട്ടം, ഡോ.പി.ലക്ഷ്മണ്‍മാസ്റ്റര്‍, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാര്‍ ഓടാപ്പന്തിയില്‍, ഷുക്കൂര്‍ കണാജെ, അഡ്വ. സുമീന്‍ എസ് നെടുങ്ങാടന്‍, പി.ജെ ജോണ്‍ മാസ്റ്റര്‍, സ്‌കറിയ നെല്ലംകുഴി, പോള്‍സണ്‍ അങ്കമാലി, സുനില്‍ മഠത്തില്‍, പൗലോസ് മോളത്ത്, നൈനാന്‍ തോമസ്, ഔസേപ്പച്ചന്‍ ചെറുകാട് തുടങ്ങിയവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org