
എറണാകുളം : കൊച്ചിയെ കൂടുതല്‍ ഭിന്നശേഷിസൗഹൃദപരമാക്കികൊണ്ട് ഭിന്നശേഷിക്കാരായ സഹോദരങ്ങളെ സമൂഹത്തോട് ചേര്‍ത്തു നിര്‍ത്തണമെന്ന് ഹൈബി ഈഡന്‍ എം. പി. റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ നടത്തിയ കൃത്രിമ അവയവദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയെ ഭിന്നശേഷിസൗഹൃദപരമാക്കുക എന്ന തന്റെ സ്വപ്ന പദ്ധതിക്ക് ഈ ക്യാമ്പ് ഒരു പൊന്‍തൂവലായിത്തീരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി മിഡ് ടൗണ്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി. എ ജനാര്‍ദ്ദന പൈ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എറണാകുളം അങ്കമാലി അതിരൂപതാ വികാരി ജനറല്‍ ഫാ. ഡോ. ഹോര്‍മിസ് മൈനാട്ടി വിശിഷ്ടാതിഥിയായിരുന്നു. സഹൃദയ ഹെഡ് ഓഫീസില്‍ വച്ച് നടത്തിയ സൗജന്യ കൃത്രിമ അവയവദാന ക്യാമ്പിന്റെ ആദ്യഘട്ടമായി 50 ഗുണഭോക്താക്കള്‍ക്കാണ് അവസരം നല്‍കിയത്. സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഭിന്നശേഷിക്കാരെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് സഹൃദയ നിരവധി പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. വരുംദിനങ്ങളില്‍ അര്‍ഹരായ കൂടുതല്‍ ആളുകളിലേക്ക് സഹായമെത്തിക്കുമെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അറിയിച്ചു. റോട്ടറി ക്ലബ് വാക് എഗൈന്‍ പ്രോജക്ട് ചെയര്‍മാന്‍ ജോര്‍ജ്ജുകുട്ടി കരിയാനപള്ളി, പ്രോജക്ട് ഡിസ്ട്രിക്ട് ചെയര്‍മാന്‍ ബാബു കണ്ണന്‍, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബാബു ജോസഫ്, കൊച്ചി റോട്ടറി ക്ലബ്ബ് സെക്രട്ടറി അഡ്വ. മരിയന്‍ പോള്‍, സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആന്‍സില്‍ മൈപ്പാന്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ സെലിന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.