തയ്യല്‍ മെഷീന്‍ യൂണിറ്റുകളും കോവിഡ് പ്രതിരോധ കിറ്റുകളും വിതരണം ചെയ്തു

തയ്യല്‍ മെഷീന്‍ യൂണിറ്റുകളും കോവിഡ് പ്രതിരോധ കിറ്റുകളും വിതരണം ചെയ്തു

ഫോട്ടോ അടിക്കുറിപ്പ്:  ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദിയോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയായ തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. ജെയിംസ് പട്ടത്തേട്ട്, സുധീര്‍ അബ്രാഹം, ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം, ഫാ. സുനില്‍ പെരുമാനൂര്‍, മറിയാമ്മ ജോബി എന്നിവര്‍ സമീപം.

ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി 25 വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ യൂണിറ്റുകളും കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിരോധ കിറ്റുകളും വിതരണം ചെയ്തു. തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ മലങ്കര കാത്തലിക് ചര്‍ച്ചില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ക്‌നാനായ മലങ്കര സമൂഹത്തിന് പുതുജീവനും പുതുചൈതന്യവും നല്‍കി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുവാന്‍ പുനരൈക്യ ശതാബ്ദി ആഘോഷങ്ങള്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് സഹായകമാകുന്ന വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുത്ത് നടപ്പിലാക്കുവാന്‍ സാധിക്കണമെന്നും പൊതുനന്മ ലക്ഷ്യമാക്കിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനം സാധമ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉപവരുമാന സാധ്യകള്‍ക്ക് അവസരം ഒരുക്കുന്നതോടൊപ്പം പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കണമെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജെയിംസ് പട്ടത്തേട്ട്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ സുധീര്‍ അബ്രാഹം, മറിയാമ്മ ജോബി എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട് 25 വനിതകള്‍ക്ക് ഉഷാ കമ്പനിയുടെ മോട്ടറോടുകൂടിയ തയ്യല്‍ മെഷീന്‍ യൂണിറ്റുകളാണ് വിതരണം ചെയ്ത്. കൂടാതെ മാസ്‌ക്കുകള്‍, സാനിറ്റൈസര്‍, സോപ്പുകള്‍ എന്നിവ അടങ്ങുന്ന കോവിഡ് പ്രതിരോധ കിറ്റുകളും വിതരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org