
കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന ഡല്‍ഹിയിലെയും പരിസരങ്ങളിലെയും രോഗികള്‍ക്ക് അവശ്യസേവനങ്ങള്‍ എത്തിക്കാന്‍ കോവിഡ് പ്രതിരോധ ദൗത്യവുമായി ഡല്‍ഹി ഫരീദാബാദ് രൂപത പ്രവര്‍ത്തനനിരതമായി. രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടിരിക്കുന്നു.
മരുന്നും, ഭക്ഷണവും, എത്തിക്കാനും ആശുപത്രി സൗകര്യങ്ങളും ഓക്‌സിജന്‍ ലഭ്യതയും ഉറപ്പുവരുത്താനും, രോഗികള്‍ക്ക് ആവ ശ്യമായ നിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളും ഓണ്‍ലൈനായി കൊടുക്കാനും ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് താമസസൗകര്യങ്ങള്‍ ഒരുക്കാനും, പ്ലാസ്മ ആവശ്യമായ രോഗികള്‍ക്ക് രക്തദാനത്തിന് സന്നദ്ധസേന രൂപീകരിക്കാനും, മരണമടഞ്ഞവര്‍ക്ക് അവശ്യകര്‍മ്മങ്ങള്‍ക്കുള്ള സേവനം എത്തിക്കാനും മറ്റുമായി വിവിധ കമ്മറ്റികള്‍ രൂപതാ കേന്ദ്രത്തില്‍ സജ്ജീകരിച്ചുകഴിഞ്ഞു.
രൂപതയുടെ മുപ്പതോളംവരുന്ന ഇടവകകളിലൂടെ ഇടവകവികാരിമാരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ഹെല്‍പ് ഡെസ്‌ക്കുക ളിലൂടെയാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഓരോ ഇടവകാതിര്‍ത്തിയിലുമുള്ള രോഗികളായവരെ കണ്ടെത്താനും ആവശ്യമായ ഭക്ഷണം, മരുന്ന്, ഓക്‌സി മീറ്റര്‍, പിപിഇ കിറ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ആശുപത്രിപ്രവേശനം, ഓണ്‍ ലൈന്‍ കൗണ്‍സലിംഗ്, കമ്മ്യൂണിറ്റി കിച്ചന്‍ എന്നിവ ആരോഗ്യപ്രവര്‍ത്തകരുടെയും, സന്നദ്ധസേവകരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്നു. രൂപതയിലെ യുവജനപ്രസ്ഥാനമായ ഡിഎസ്‌വൈഎംന്റെ നേതൃത്വത്തില്‍ കൊവിഡ് റെസ്‌ക്യു ടീമും നഴ്‌സസ് ടീമും ടിഫിന്‍ സര്‍വ്വീസും ആരംഭിച്ചിട്ടുണ്ട്.
കോവിഡ് രോഗികളുടെ ശുശ്രൂഷയ്ക്കായി അശോക് വിഹാറില്‍ എസ് ഡി സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ 40 ബെഡ്ഡുകളുള്ള താത് കാലിക അനുബന്ധ ആശുപത്രിയും സൗകര്യങ്ങളും സജ്ജമായിക്കൊണ്ടിരിക്കുന്നു. രൂപതയുടെ കീഴിലുള്ള ദ്വാരക ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ ക്വറന്റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആന്റിജന്‍ ടെസ്റ്റ് നടത്താനാവശ്യമായ ഒരു എമര്‍ജന്‍സി ലാബ് സജ്ജമാക്കുന്നുണ്ട്. അത്യാവശ്യമുള്ള രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനുള്ള ഓക്‌സിജന്‍ സൗകര്യങ്ങളോടുകൂടി യുള്ള ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുള്ളതായി പിആര്‍ഒ ഫാ. ജിന്റോ ടോം അറിയിച്ചു.