സംഭാഷണത്തിലൂടെ മാത്രമേ സമാധാനം ഉണ്ടാകുകയുള്ളൂ: ജസ്റ്റിസ് കുര്യന്‍ ജോസഫ്

സംഭാഷണത്തിലൂടെ മാത്രമേ സമാധാനം ഉണ്ടാകുകയുള്ളൂ: ജസ്റ്റിസ് കുര്യന്‍ ജോസഫ്

സംഭാഷണത്തിലൂടെ മാത്രമേ സമാധാനം ഉണ്ടാകുകയുള്ളൂ എന്നു സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രസ്താവിച്ചു. സത്യം വിളിച്ചു പറയുന്നവരെ വിമതരാക്കരുത്. കാരണം, സത്യം ഒന്നേയുള്ളൂ. മാര്‍പാപ്പയ്ക്കു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അതു തുറന്നു പറയാനുള്ള ആര്‍ജവം നമുക്കുണ്ടാകണം. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകണം-ജസ്റ്റിസ് കുര്യന്‍ ജോസഫ് വിശദീകരിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെയും സീറോ മലബാര്‍ ഹയരാര്‍ക്കിയുടെയും ശതാബ്ദിയാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫ്. സത്യം അറിയുന്നവര്‍ക്ക് അതു വിളിച്ചു പറയാതിരിക്കാനാവില്ലെന്നു വ്യക്തമാക്കി. തൃക്കാക്കര ഭാരതമാതാ കോളജ് മൈതാനിയിലെ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ നഗറിലായിരുന്നു സമ്മേളനം. സമ്മേളനത്തില്‍ റവ. ഡോ. ആന്റണി നരികുളം അധ്യക്ഷം വഹിച്ചു. ഫാ. ജോയ്‌സ് കൈതക്കോട്ടില്‍ തയ്യാറാക്കിയ, 'സീറോ മലബാര്‍ സഭ: കര്‍ത്താവ് ദുഃഖിതനാണ്' എന്ന പുസ്തകം അങ്കമാലി എല്‍ എഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ജോയ് അയിനിയാടന്‍ പ്രകാശനം ചെയ്തു. അഡ്വ. ബിനു മൂലന്‍ പുസ്തകം ഏറ്റുവാങ്ങി. ഫാ. പോള്‍ ചിറ്റിനപ്പിള്ളി പുസ്തകം പരിചയപ്പെടുത്തി.

49.62 കോടി രൂപ ചെലവഴിച്ച് അതിരൂപത നടത്തിയ ശതാബ്ദി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍ വിശദീകരിച്ചു. ശതാബ്ദി സ്മരണിക ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രകാശനം ചെയ്തു. നിമ്മി ആന്റണി ഏറ്റുവാങ്ങി. ഹയരാര്‍ക്കി സ്മാരകമായി 1923 ല്‍ അതിരൂപതയില്‍ സ്ഥാപിതമായ തിരുമുടിക്കുന്ന് ഹയരാര്‍ക്കി മെമ്മോറിയല്‍ എല്‍ പി സ്‌കൂളിന് അതിരൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് നല്‍കുന്ന ഉപഹാരം കോര്‍പറേറ്റ് മാനേജര്‍ ഫാ. തോമസ് നങ്ങേലിമാലിലില്‍ നിന്ന് തിരുമുടിക്കുന്ന് എല്‍ എഫ് ഇടവക വികാരി ഫാ. സെബാസ്റ്റിയന്‍ മാടശേരി ഏറ്റുവാങ്ങി. അതിരൂപത പ്രവാസി അസ്സോസിയേഷന്‍ ലോഗോ ജസ്റ്റിന്‍ കുര്യന്‍ ജോസഫ്, അസ്സോസിയേഷന്‍ പ്രതിനിധികള്‍ക്കു നല്‍കി പ്രകാശനം ചെയ്തു.

സി എം ഐ രാജഗിരി പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി നല്‍ക്കര സി എം ഐ, സിസ്റ്റര്‍ ആലീസ് ലൂക്കോസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി പി ജെരാര്‍ദ്, വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. ജോസഫ് പാറേക്കാട്ടില്‍, ശതാബ്ദിയാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷിജോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

നേരത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ശതാബ്ദി പ്രയാണങ്ങള്‍ തൃക്കാക്കര ലിറ്റില്‍ ഫഌവര്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നു. കോക്കമംഗലത്തു നിന്ന് ദീപശിഖ, പള്ളിപ്പുറത്തുനിന്ന് കുരിശ്, ചെമ്പില്‍ നിന്ന് മാര്‍ ആഗസ്റ്റിന്‍ കണ്ടത്തിലിന്റെ ഛായാചിത്രം, ബസിലിക്കയില്‍ നിന്ന് ശതാബ്ദി തിരി, കോട്ടക്കാവില്‍ നിന്ന് പതാക, അങ്കമാലി കിഴക്കേ പള്ളിയില്‍ നിന്നു ബൈബിള്‍, മലയാറ്റൂരില്‍ നിന്നു തോമാശ്ലീഹായുടെ തിരുസ്വരൂപം എന്നിവ വഹിച്ചു കൊണ്ടുള്ളതായിരുന്നു ശതാബ്ദിപ്രയാണങ്ങള്‍. പിന്നീടു പ്രയാണങ്ങള്‍ക്കു സമ്മേളന നഗരിയില്‍ സ്വീകരണം നല്‍കി.

തുടര്‍ന്നു നാനൂറോളം വൈദികര്‍ ചേര്‍ന്ന് സമൂഹ ദിവ്യബലി അര്‍പ്പിച്ചു. ജന. കണ്‍വീനര്‍ ഫാ. ജോസ് ഇടശേരി മുഖ്യകാര്‍മ്മികനായി. ഫാ. ബിജു പെരുമായന്‍ സുവിശേഷ പ്രസംഗം നടത്തി. പൊതുസമ്മേളനത്തിനു ശേഷം സഹൃദയ മെലഡീസ് (ഭിന്നശേഷിക്കാര്‍) സംഗീത നിശ അവതരിപ്പിച്ചു. ശതാ ബ്ദി ആഘോഷങ്ങളുടെ സമാപനം നവംബര്‍ 30 മുതല്‍ വിവിധ പരിപാടികളോടെ നടന്നുവരികയായിരുന്നു. ശതാബ്ദി ക്വിസ്, ഭിന്നശേഷി ദിനാചരണം, സോണല്‍ യുവജന കണ്‍വെന്‍ഷനുകള്‍, അധ്യാപക സംഗമം, വൈദിക-സന്യസ്ത സംഗമങ്ങള്‍, ചരിത്ര സെമിനാര്‍, കുടുംബപ്രേഷിത കൂട്ടായ്മ, വനിതാ സംഗമം, ബാലികാബാലന്മാരുടെ കൂട്ടായ്മ എന്നിവയായിരുന്നു മറ്റു പരിപാടികള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org