

കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള ഡോണ്‍ ബോസ്‌കോ സംഘം (ഡിബി4എം) കേരളത്തില്‍ ഉത്തരേന്ത്യന്‍ കുടിയേറ്റത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ ക്ഷേമാന്വേഷണം നടത്തുകയും വിവരങ്ങളാരായുകയും ചെയ്യുന്നു.
‘തൃശ്ശിനാപ്പള്ളി, ബംഗ്‌ളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കേരളത്തിലെ ഉദ്യോഗസ്ഥരുമായും സഭാസ്ഥാപനങ്ങളുമായും സംഭാഷണങ്ങള്‍ നടത്തി. ഫാ. ഫ്രാന്‍സിസ് ബോസ്‌കോയുടെ നേതൃത്വത്തിലുള്ള സംഘം വടുതല, അങ്കമാലി, പെരുമ്പാവൂര്‍, പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.
ആരോഗ്യപരിചരണം, തൊഴില്‍ സ്ഥലത്തെ അപകടങ്ങള്‍, കൂലിപ്രശ്‌നങ്ങള്‍, മയക്കുമരുന്ന് തുടങ്ങിയ തലങ്ങളില്‍ കുടിയേറ്റത്തൊഴിലാളികള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഡോണ്‍ ബോസ്‌കോ സംഘം വിലയിരുത്തി. പള്ളുരുത്തിയില്‍ സലേഷ്യന്‍ സമൂഹം നടത്തുന്ന കുടിയേറ്റ അഭയകേന്ദ്രത്തില്‍ 50 തൊഴിലാളികള്‍ താമസിക്കുന്നുണ്ട്.
ഒഡീഷയില്‍ നിന്നുള്ള ക്രിസ്ത്യന്‍ കുടിയേറ്റത്തൊഴിലാളികള്‍ക്ക് കൂടുതല്‍ അജപാലനസേവനം നല്‍കണമെന്നും വ്യവസായകേന്ദ്രങ്ങളില്‍ ദിവ്യബലിയില്‍ സംബന്ധിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ടാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട തിരുനാളുകളിലും മറ്റും ഒഡിഷയില്‍ നിന്നുള്ള വൈദികരെ എത്തിക്കണമെന്നു സംഘം നിര്‍ദേശിക്കുന്നു.