സംസ്കാരം പരിരക്ഷിക്കണമെങ്കിൽ വാണിജ്യ സംസ്കാരത്തിന്റെ ശുഷ്കമായ അന്തരീക്ഷത്തിൽ സാഹിത്യ പഠനക്ലാസുകൾ ഉണ്ടാവണമെന്ന് പ്രൊഫ. എം. കെ. സാനു അഭിപ്രായപ്പെട്ടു. യുവചേതന ഉണരണം, യുവജനങ്ങളെ സംഘടിപ്പിക്കുകയും ആത്മീയതയും സംസ്കാരവും ജീവിതമൂല്യങ്ങളും ഉള്ള പുതിയ അവബോധം സൃഷ്ടിക്കുകയും വേണമെന്ന് സാനു മാസ്റ്റർ അഭിപ്രായപ്പെട്ടു. മൂല്യ ശ്രുതി മാസിക, ചാവറ കൾച്ചറൽ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന സാഹിത്യ ക്യാമ്പ് ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. അധ്യക്ഷത വഹിച്ചു. എഴുതാനുള്ള തീക്കനൽ ഉള്ളിൽ ഉണ്ടെങ്കിൽ അത് കത്തിച്ചുകൊണ്ടിരിക്കണം, എപ്പോഴാണോ അത് തീജ്വാല യായി വരുന്നത് അപ്പോൾ അറിയാതെ എഴുതി പോകുമെന്ന് സമ്മപനസമ്മേളനത്തിൽ മുഖ്യാഥിതിയായി പങ്കെടുത്ത തനുജ ഭട്ടതിരി പറഞ്ഞു.
ശ്രീ. പി. എഫ്. മാത്യൂസ്, വിനോദ് കൃഷ്ണ, ട്രൈബി പുതുവയൽ അജിത്കുമാർ കെ. എന്നിവർ ക്ളാസുകൾ നയിച്ചു. പ്രമുഖങ്ങളായ പതിനെട്ടു കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ഇതോടൊപ്പം നടത്തിയ കഥ, കവിത രചന മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും തനുജ ഭട്ടതിരി സമ്മാനിച്ചു. സി എ പ്രമോദ് ബാബു, ജിജോ ചാക്കോ എന്നിവർ കോഡിനേറ്റർമാരായിരുന്നു.